

വാഷിങ്ടണ്‍: വീല്‍ച്ചെയറില്‍ ഇരുന്നുകൊണ്ട് ബഹിരാകാശത്തെത്തിയ ആദ്യ വ്യക്തിയെന്ന ബഹുമതി നേടി 33 കാരിയും ജര്‍മ്മന്‍ വനിതാ എഞ്ചിനീയറുമായ മിഷേല ബെഥന്‍ഹൗസ്. ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിന്റെ ഉടമസ്ഥതയിലുള്ള ബഹിരാകാശ കമ്പനിയായ ബ്ലൂ ഒറിജിന്‍ ടെക്‌സസില്‍ നിന്ന് ശനിയാഴ്ചയായിരുന്നു വിക്ഷേപിച്ചത്. അഞ്ചുപേര്‍ക്കൊപ്പമായിരുന്നു മിഷേലയുടെ യാത്ര. യൂറോപ്യന്‍ സ്പേസ് ഏജന്‍സിയിലെ എയ്റോസ്പേസ്, മെക്കാട്രോണിക്സ് എഞ്ചിനീയറായ മിഷേലയും സംഘവും ഭൂമിക്ക് 100 കിലോമീറ്റര്‍ മുകളിലുള്ള കാര്‍മന്‍ രേഖ കടന്ന ശേഷം തിരിച്ചെത്തി. ഫിസിസിസ്റ്റും നിക്ഷേപകനുമായ ജോയൽ ഹൈഡ്, ജർമൻ-അമേരിക്കൻ എയ്‌റോസ്പെയ്‌സ് എഞ്ചിനീയര്‍ ഹാൻസ് കോയ്‌നീങ്‌സ്മാൻ, സംരംഭകൻ നീൽ മിൽച്, മൈനിങ് എൻജിനിയർ അഡോണിസ് പോറോലിസ്, ബഹിരാകാശകാര്യങ്ങളിൽ തത്പരനായ ജെയ്‌സൺ സ്റ്റാൻസെൽ എന്നിവരാണ് മിഷേലയ്‌ക്കൊപ്പം കാർമൻ രേഖ താണ്ടി തിരിച്ചെത്തിയത്.
2018-ല്‍ മൗണ്ടന്‍ ബൈക്കിംഗിനിടെയുണ്ടായ അപകടത്തെത്തുടര്‍ന്നാണ് മിഷേലയ്ക്ക് നട്ടെല്ലിന് പരിക്കേറ്റത്. തുടര്‍ന്ന് വീല്‍ചെയറിന്റെ സഹായത്തോടെയായിരുന്നു ജീവിതം. മെക്കാട്രോണിക്സ്, റോബോട്ടിക്സ്, ഓട്ടോമേഷന്‍ എഞ്ചിനീയറിംഗ് എന്നിവയില്‍ ബിരുദം പൂര്‍ത്തിയാക്കിയിട്ടുണ്ട്. മ്യൂണിക്കിലെ ടെക്നിക്കല്‍ യൂണിവേഴ്സിറ്റിയില്‍ നിന്നാണ് ബിരുദാനന്തര ബിരുദം നേടിയത്. 2016 മുതല്‍ വിവിധ ഗവേഷണ കേന്ദ്രങ്ങളില്‍ ജോലി ചെയ്തിട്ടുള്ള അവര്‍ 2024 ല്‍ യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയില്‍ ട്രെയിനിയായി ചേര്‍ന്നു.