

വാഷിംഗ്ടൺ: അമേരിക്കൻ മാധ്യമങ്ങളുമായുള്ള പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പോര് പുതിയ തലത്തിലേക്ക്. വൈറ്റ് ഹൗസിൽ വാർത്താ മാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് യുഎസ് ഫെഡറൽ കോടതി താൽക്കാലികമായി റദ്ദാക്കിയതിന് തൊട്ടുപിന്നാലെ, പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ 'എയർഫോഴ്സ് വണ്ണിൽ' സിഎൻഎൻ മാധ്യമപ്രവർത്തകർക്ക് വൈറ്റ് ഹൗസ് പ്രവേശനം നിഷേധിച്ചു. ടെന്നസിയിലെ നോക്‌സ്‌വില്ലിലേക്ക് കോളേജ് ഫുട്ബോൾ മത്സരം കാണാൻ ട്രംപ് നടത്തുന്ന യാത്രയിൽ നിന്ന് റൊട്ടേഷൻ പ്രസ്സ് പൂളിന്റെ ഭാഗമായ സിഎൻഎന്നിനെ ഒഴിവാക്കി തീവ്ര വലതുപക്ഷ അനുകൂല മാധ്യമമായ 'റിയൽ അമേരിക്കാസ് വോയ്സി'നെയാണ് ഉൾപ്പെടുത്തിയത്.
സിഎൻഎൻ, എംഎസ് നൗ , പൊളിറ്റിക്കോ എന്നീ മാധ്യമസ്ഥാപനങ്ങൾക്ക് ട്രംപ് ഏർപ്പെടുത്തിയ വിലക്ക് ഭരണഘടനാ വിരുദ്ധമാണെന്ന് വ്യക്തമാക്കി യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി തിമോത്തി കെല്ലി കഴിഞ്ഞ ദിവസമാണ് താത്കാലിക സ്റ്റേ അനുവദിച്ചത്. കോടതി വിധിയെത്തുടർന്ന് വൈറ്റ് ഹൗസ് വളപ്പിലേക്ക് റിപ്പോർട്ടർമാർ ക്യാമറകളുമായി തിരിച്ചെത്തിയിരുന്നു. എന്നാൽ എയർഫോഴ്സ് വൺ യാത്രാ സംഘത്തിൽ പൂൾ അംഗമല്ലാത്ത മാധ്യമത്തെ ഉൾപ്പെടുത്തി സിഎൻഎന്നിനെ തഴഞ്ഞത് പൂൾ റിപ്പോർട്ടിംഗ് സംവിധാനത്തെ അട്ടിമറിക്കുന്നതാണെന്ന് മാധ്യമ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. വാർത്താ സ്വാതന്ത്ര്യത്തിന്മേലുള്ള ഭരണകൂടത്തിന്റെ കടന്നുകയറ്റത്തിനെതിരെ മാധ്യമ സംഘടനകൾ വീണ്ടും നിയമപോരാട്ടത്തിന് ഒരുങ്ങുകയാണ്.