ഡാനി മിനോഗിന്റെ 20 വർഷം പഴക്കമുള്ള പരാമർശം റസ്സൽ ബ്രാൻഡിനെതിരെ വീണ്ടും ചർച്ചയാകുന്നു

2006ൽ ബ്രാൻഡ് അവതാരകനായിരുന്ന 1 Leicester Square എന്ന ചാറ്റ് ഷോയിൽ ഡാനി മിനോഗ് അതിഥിയായി എത്തിയിരുന്നു. തന്റെ ആൽബമായ The Hits and Beyondന്റെ റിലീസുമായി ബന്ധപ്പെട്ടായിരുന്നു പരിപാടിയിലെത്തിയത്.
ഡാനി മിനോഗിന്റെ 20 വർഷം പഴയ പരാമർശം വീണ്ടും ചർച്ചയാകുന്നു
റസ്സൽ ബ്രാൻഡ് (Photo by Benjamin Cremel / AFP)
Published on: 

ബ്രിട്ടീഷ് നടനും ഹാസ്യനടനുമായ റസ്സൽ ബ്രാൻഡിനെ ‘വൃത്തികെട്ട വേട്ടക്കാരൻ’ എന്ന് വിശേഷിപ്പിച്ച ഓസ്‌ട്രേലിയൻ പോപ്പ് ഗായിക ഡാനി മിനോഗിന്റെ 20 വർഷം പഴക്കമുള്ള പരാമർശം വീണ്ടും ശ്രദ്ധ നേടുന്നു. 2006ൽ ബ്രാൻഡ് അവതാരകനായിരുന്ന എംടിവിയുടെ 1 Leicester Square എന്ന ചാറ്റ് ഷോയിൽ ഡാനി മിനോഗ് അതിഥിയായി എത്തിയിരുന്നു. തന്റെ ആൽബമായ The Hits and Beyondന്റെ റിലീസുമായി ബന്ധപ്പെട്ടായിരുന്നു പരിപാടിയിലെത്തിയത്.

ഡാനി മിനോഗിന്റെ 20 വർഷം പഴയ പരാമർശം വീണ്ടും ചർച്ചയാകുന്നു
ഡാനി മിനോഗ് ( Photo by Jordan Peck/Getty Images)

പരിപാടിക്ക് ശേഷം അവതാരകനിൽനിന്ന് നേരിട്ട അസ്വസ്ഥതയുണ്ടാക്കിയ അനുഭവത്തെക്കുറിച്ച് അവർ The Mirror പത്രത്തോട് വെളിപ്പെടുത്തിയിരുന്നു. അന്ന് 34 വയസ്സുണ്ടായിരുന്ന ഡാനി മിനോഗ്, തന്റെ ഫോൺ നമ്പർ നൽകണമെന്ന് ബ്രാൻഡ് നിരന്തരം ആവശ്യപ്പെട്ടതായും തന്റെ ശരീരത്തെക്കുറിച്ച്, പ്രത്യേകിച്ച് മാറിടത്തെക്കുറിച്ച്, അനുചിതമായ പരാമർശങ്ങൾ നടത്തിയതായും ആരോപിച്ചു. അക്കാലത്ത് ലൈംഗികാസക്തിയുണ്ടെന്ന് ബ്രാൻഡ് തന്നെ തുറന്നുപറഞ്ഞിരുന്നുവെന്നും, നിരസിച്ചാൽ അത് അംഗീകരിക്കാൻ അദ്ദേഹത്തിന് കഴിയുമായിരുന്നില്ലെന്നും അവർ പറഞ്ഞു. “അദ്ദേഹം തീർത്തും ഭ്രാന്തനാണ്. അൽപ്പം വൃത്തികെട്ട വേട്ടക്കാരനുമാണ്,” എന്നായിരുന്നു 2006ൽ ഡാനി മിനോഗിന്റെ പ്രതികരണം. തന്റെ ലൈംഗികാസക്തി അദ്ദേഹം മറികടന്നിട്ടുണ്ടെന്ന് കരുതുന്നില്ലെന്നും അവർ പറഞ്ഞിരുന്നു.

അഭിമുഖത്തിലുടനീളം ഞെട്ടിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ ബ്രാൻഡ് നടത്തിയെന്നും അവ ആവർത്തിക്കാൻ പോലും കഴിയാത്തവിധം അസ്വസ്ഥതയുണ്ടാക്കിയെന്നും ഡാനി മിനോഗ് പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകൾ തന്നെ നാണംകെടുത്തുന്നതായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. ബ്രാൻഡിനെതിരെ ഉയർന്ന ലൈംഗികാതിക്രമക്കേസിൽ വിധി വന്നതിന് പിന്നാലെയാണ് പഴയ പരാമർശങ്ങൾ വീണ്ടും ചർച്ചയാകുന്നത്. 2004നും 2009നും ഇടയിൽ ഒരു സ്ത്രീയെ ബലാത്സംഗം ചെയ്തതിലും മൂന്ന് ലൈംഗികാതിക്രമ കുറ്റങ്ങളിലും 51കാരനായ ബ്രാൻഡ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. ബലാത്സംഗക്കുറ്റത്തിന് ഒൻപത് വർഷം തടവാണ് ബ്രാൻഡിന് വിധിച്ചത്. ലൈംഗികാതിക്രമ കുറ്റങ്ങൾക്ക് യഥാക്രമം 18 മാസം, ഒൻപത് മാസം, എട്ട് മാസം വീതവും അധിക തടവുശിക്ഷ വിധിച്ചു.