ഹോർമുസ് കടലിടുക്ക് തുറക്കണം; രാജ്യാന്തര കൂട്ടായ്മയിൽ പങ്കുചേർന്ന് ഓസ്‌ട്രേലിയ

ഇസ്രായേലും ലെബനനും തമ്മിൽ 10 ദിവസത്തെ വെടിനിർത്തലിന് ധാരണയായ സാഹചര്യത്തിൽ, ഈ രാജ്യാന്തര സമ്മർദ്ദം ഹോർമുസ് കടലിടുക്ക് തുറക്കുന്ന കാര്യത്തിൽ നിർണ്ണായകമായേക്കും.
Penny Wong
ഓസ്ട്രേലിയൻ വിദേശകാര്യ മന്ത്രി പെന്നി വോങ് Anadolu Agency
Published on

കാൻബറ: ഇറാൻ യുദ്ധത്തെത്തുടർന്ന് അടച്ചുപൂട്ടിയ ഹോർമുസ് കടലിടുക്ക് എത്രയും വേഗം തുറക്കണമെന്ന് ആഗോളതലത്തിൽ ആവശ്യമുയരുന്നതിനിടെ രാജ്യാന്തര നയതന്ത്ര നീക്കങ്ങളിൽ പങ്കുചേർന്ന് ഓസ്‌ട്രേലിയ. ഇന്ധന വിതരണ ശൃംഖലയിലുണ്ടായ തടസ്സം ഓസ്‌ട്രേലിയയെയും ഏഷ്യൻ രാജ്യങ്ങളെയും സാരമായി ബാധിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ്‌ യോഗത്തിൽ ചൂണ്ടിക്കാട്ടി. ഹോർമുസ് കടലിടുക്ക് വഴി കടന്നുപോയിരുന്ന ഭൂരിഭാഗം എണ്ണയും ഏഷ്യൻ രാജ്യങ്ങളിലേക്കായിരുന്നു. ഈ പാത തടസ്സപ്പെട്ടത് ഇന്ധനവില വർദ്ധനവിനും ഊർജ്ജ പ്രതിസന്ധിക്കും കാരണമായതായി അദ്ദേഹം പറഞ്ഞു.

ഹോർമുസ് കടലിടുക്ക് സൈനികമായി സംരക്ഷിക്കുന്നത് വെല്ലുവിളിയാണെന്നും അതിനാൽ നയതന്ത്ര നീക്കങ്ങൾക്കാണ് മുൻഗണന നൽകേണ്ടതെന്നും വിദേശകാര്യ മന്ത്രി പെന്നി വോങ് വ്യക്തമാക്കി. അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ച് സമുദ്രപാതകൾ തുറക്കാനുള്ള ബഹുരാഷ്ട്ര ശ്രമങ്ങൾ തുടരുമെന്നും അവർ അറിയിച്ചു. എന്നാൽ, കടലിടുക്ക് തുറക്കാൻ സൈനിക സഹായം നൽകുന്നില്ലെന്ന പേരിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഓസ്‌ട്രേലിയയെ വിമർശിച്ചത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ഇതിന് മറുപടിയായി, അമേരിക്കൻ ഭരണകൂടം കൂടുതൽ സൈനിക സഹായം ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടില്ലെന്ന് ആല്‍ബനീസ്‌ വ്യക്തമാക്കി.

അതേസമയം, അമേരിക്കയുമായി സഹകരിച്ച് കടലിടുക്ക് തുറക്കാൻ ഓസ്‌ട്രേലിയ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആംഗസ് ടെയ്‌ലർ ആവശ്യപ്പെട്ടു. എണ്ണവില കുറയ്ക്കുന്നതിന് ഹോർമുസ് കടലിടുക്ക് തുറക്കുക എന്നത് ഓസ്‌ട്രേലിയയെ സംബന്ധിച്ചിടത്തോളം അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം പറഞ്ഞു. ഇസ്രായേലും ലെബനനും തമ്മിൽ 10 ദിവസത്തെ വെടിനിർത്തലിന് ധാരണയായ സാഹചര്യത്തിൽ, ഈ രാജ്യാന്തര സമ്മർദ്ദം ഹോർമുസ് കടലിടുക്ക് തുറക്കുന്ന കാര്യത്തിൽ നിർണ്ണായകമായേക്കും.

Related Stories

No stories found.
Metro Australia
maustralia.com.au