

വാഷിങ്ടണ്‍: കേംബ്രിഡ്ജിലെ ഹാര്‍വാഡ് സര്‍വകലാശാലയ്ക്ക് നല്‍കുന്ന 2.2 ബില്യണ്‍ ഡോളറിന്റെ ഗ്രാന്റ് മരവിപ്പിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടി യു.എസ് കോടതി മരവിപ്പിച്ചു. സര്‍വകലാശാലയില്‍ ജൂതവിരോധവും തീവ്ര ഇടതുപക്ഷ പ്രത്യയശാസ്ത്രങ്ങളും പിടിമുറുക്കുന്നു എന്നാരോപിച്ചായിരുന്നു ട്രംപ് ഭരണകൂടം സര്‍വകാലാശാലക്ക് നല്‍കുന്ന ഗ്രാന്റ് മരവിപ്പിച്ചത്.
ഗ്രാന്റ് മരവിപ്പിച്ച നടപടി സര്‍വകലാശാലയുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് ജഡ്ജി അലിസണ്‍ ബറോസ് പറഞ്ഞു. ബോസ്റ്റണിലെ യു.എസ് ജില്ലാ ജഡ്ജി അലിസണ്‍ ബറോസിന്റെ ഈ തീരുമാനം ഹാര്‍വാഡിന് ഒരു വലിയ വിജയമാണ്. ഭരണഘടന അനുശാസിക്കുന്ന അക്കാദമിക് സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും സംരക്ഷിക്കാന്‍ കോടതിക്ക് ബാധ്യതയുണ്ടെന്ന് അലിസണ്‍ ബറോസ് പറഞ്ഞു. ഗവേഷണങ്ങളെല്ലാം ഭരണകൂടത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.