
ഹോങ്കോങ്: ഹോങ്കോങ് വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ ചരക്കുവിമാനം റണ്‍വേയില്‍ നിന്ന് തെന്നി കടലില്‍ വീണ് രണ്ട് ജീവനക്കാര്‍ക്ക് ദാരുണാന്ത്യം. തുര്‍ക്കി വിമാനകമ്പനിയായ എസിടി എയര്‍ലൈന്‍സിന്റെ ദുബായില്‍ നിന്ന് എത്തിയ ബോയിങ് 747 വിമാനമാണ് ലാന്‍ഡ് ചെയ്തയിന് പിന്നാലെ റണ്‍വേയില്‍ നിന്ന് തെന്നി കടലില്‍ വീണത്. തിങ്കളാഴ്ച പ്രാദേശിക സമയം 3.50-ഓടയാണ് അപകടമുണ്ടായത്. ലാന്‍ഡിങ്ങിനിടെ റണ്‍വേയില്‍ നിന്ന് തെന്നിയ വിമാനം ഇടിച്ച് റണ്‍വേയിലുണ്ടായിരുന്ന ഗ്രൗണ്ട് വെഹിക്കിള്‍ കടലിലേക്ക് വീണതോടെയാണ് രണ്ട് വിമാനത്താവളത്തിലെ ജീവനക്കാര്‍ മരിച്ചത്. വെള്ളത്തില്‍ പകുതി മുങ്ങി താഴ്ന്ന്, മുന്‍ഭാഗവും വാലറ്റവും വേര്‍പ്പെട്ട് കിടക്കുന്ന നിലയിലായിരുന്നു അപകട ശേഷം വിമാനത്തിന്റെ സ്ഥിതി. അപകട സമയം വിമാനത്തില്‍ ചരക്കില്ലായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തിന് പിന്നാലെ, നോര്‍ത്തേണ്‍ റണ്‍വേ താല്‍ക്കാലികമായി അടച്ചിരിക്കുകയാണ്.