

വാഷിങ്ടൺ: പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റിനെതിരെ ലൈംഗികച്ചുവയുള്ള പരാമർശങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ലീവിറ്റിന്റെ മുഖവും ചുണ്ടുകളും പരാമർശിച്ചുകൊണ്ടുള്ള ട്രംപിന്റെ പ്രസംഗത്തിനെതിരെ ഇപ്പോൾ വ്യാപക വിമർശനമാണ് ഉയരുന്നത്. പെൻസിൽവാനിയയിൽ നടന്ന റാലിയിലായിരുന്നു ട്രംപിന്റെ ലൈംഗികച്ചുവയുള്ള പരാമർശം. 'നമ്മുടെ സൂപ്പർസ്റ്റാറായ കരോലിനെ ഇന്നിവിടെ കൊണ്ടുവന്നിട്ടുണ്ട്. അവർ വളരെ മികച്ച ആളല്ലേ? സുന്ദരമായ മുഖവും മെഷീൻ ഗൺ പോലുള്ള ചുണ്ടുമായി ടെലിവിഷനിൽ സംസാരിക്കുമ്പോൾ കരോലിൻ വളരെ ഡോമിനേറ്റിങ് ആണ്' എന്നായിരുന്നു ട്രംപിന്റെ പരാമർശം. കരോലിന് ഭയമില്ലാത്തതിന് കാരണം തങ്ങളുടെ നയമാണെന്നും ട്രംപ് അവകാശപ്പെട്ടു.
ഇതാദ്യമായല്ല ട്രംപ് കരോലിൻ ലീവിറ്റിനെതിരെ ഇത്തരത്തിലുള്ള പരാമർശം നടത്തുന്നത്. നേരത്തെയും കരോലിന്റെ ചുണ്ടുകൾ മെഷീൻ ഗൺ പോലെയാണെന്ന് ട്രംപ് പറഞ്ഞിരുന്നു. ന്യൂസ്മാക്സുമായുള്ള അഭിമുഖത്തിലായിരുന്നു അന്ന് ട്രംപ് ഇത്തരത്തിൽ പറഞ്ഞത്. മറ്റാർക്കും കരോലിനേക്കാളും മികച്ച പ്രസ് സെക്രട്ടറി ഉണ്ടാകില്ലെന്നും ട്രംപ് പറഞ്ഞിരുന്നു.