ഇറാന് ട്രംപിന്റെ അന്ത്യശാസനം ഇന്ന് അവസാനിക്കുന്നു; മുജ്തബ ഖമനയി അബോധാവസ്ഥയിലെന്ന് റിപ്പോർട്ട്

യുദ്ധഭീതി വർദ്ധിച്ച സാഹചര്യത്തിൽ ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർക്ക് കേന്ദ്ര സർക്കാർ അതീവ ജാഗ്രതാനിർദ്ദേശം നൽകി.
ഇറാന് ട്രംപിന്റെ അന്ത്യശാസനം ഇന്ന് അവസാനിക്കുന്നു
അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്
Published on

ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ സമ്പൂർണ്ണ യുദ്ധത്തിന്റെ കാഹളം മുഴക്കി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അന്ത്യശാസനം ഇന്ന് അവസാനിക്കുന്നു. ഹോർമുസ് കടലിടുക്ക് തുറക്കാൻ ഇറാന് നൽകിയ സമയം ഇന്ത്യൻ സമയം ബുധനാഴ്ച പുലർച്ചെ 5:30-ന് അവസാനിക്കാനിരിക്കെ, "ഇന്ന് രാത്രിയോടെ ഇറാൻ അവസാനിക്കും" എന്ന ഞെട്ടിക്കുന്ന ഭീഷണിയുമായി ട്രംപ് രംഗത്തെത്തി. താൻ അങ്ങനെ ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ തിരിച്ചുപിടിക്കാനാകാത്ത വിധം ഇറാൻ തകരുമെന്നും ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് മുന്നറിയിപ്പ് നൽകി. ലോകചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ നിമിഷങ്ങളായിരിക്കും വരാനിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുജ്തബ ഖമനയി ഗുരുതരാവസ്ഥയിൽ

അതിനിടെ, യുഎസ്-ഇസ്രായേൽ വ്യോമാക്രമണങ്ങളിൽ പരിക്കേറ്റ ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമനയി അബോധാവസ്ഥയിലാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിശുദ്ധ നഗരമായ ഖൗമിൽ (Qom) അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ള അദ്ദേഹം ഭരണപരമായ തീരുമാനങ്ങൾ എടുക്കാൻ കഴിയാത്ത അവസ്ഥയിലാണെന്നാണ് പുറത്തുവരുന്ന വിവരം. ഇതാദ്യമായാണ് മുജ്തബ ഖമനയിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചും അദ്ദേഹം എവിടെയാണെന്നതിനെക്കുറിച്ചും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

സൈനിക നീക്കങ്ങൾ ശക്തമാക്കി യുഎസ്; ഇന്ത്യക്കാർക്ക് ജാഗ്രതാനിർദ്ദേശം

ഇറാന്റെ തന്ത്രപ്രധാനമായ ഖാർഗ് ദ്വീപിലെ (Kharg Island) സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചതായി യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ് സ്ഥിരീകരിച്ചു. എന്നാൽ എണ്ണ സംസ്കരണ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ കഷാനിലെ റെയിൽവേ പാലം തകരുകയും രണ്ട് പേർ കൊല്ലപ്പെടുകയും ചെയ്തു.

യുദ്ധഭീതി വർദ്ധിച്ച സാഹചര്യത്തിൽ ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർക്ക് കേന്ദ്ര സർക്കാർ അതീവ ജാഗ്രതാനിർദ്ദേശം നൽകി. അടുത്ത 48 മണിക്കൂർ നേരത്തേക്ക് വീടിന് പുറത്തിറങ്ങരുതെന്നും വൈദ്യുത നിലയങ്ങൾ, സൈനിക കേന്ദ്രങ്ങൾ എന്നിവയുടെ പരിസരത്ത് പോകരുതെന്നും ഇന്ത്യൻ എംബസി നിർദ്ദേശിച്ചു. ബഹുനില കെട്ടിടങ്ങളുടെ മുകൾനിലകളിൽ നിൽക്കരുതെന്നും എംബസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Related Stories

No stories found.
Metro Australia
maustralia.com.au