

ടെഹ്‌റാൻ/വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ സമ്പൂർണ്ണ യുദ്ധത്തിന്റെ നിഴൽ വീഴ്ത്തി യുഎസ് - ഇറാൻ പോര് മുറുകുന്നു. ഹോർമുസ് കടലിടുക്ക് തുറക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നൽകിയ അന്ത്യശാസനം ഇന്ന് അവസാനിക്കാനിരിക്കെ, താൽക്കാലിക വെടിനിർത്തൽ നിർദ്ദേശങ്ങൾ ഇറാൻ തള്ളി. മേഖലയിലെ ഉപരോധങ്ങൾ പൂർണ്ണമായി നീക്കണമെന്നും തകർന്ന അടിസ്ഥാന സൗകര്യങ്ങൾ പുനർനിർമ്മിക്കണമെന്നും ഇറാൻ ആവശ്യപ്പെട്ടു. ഹോർമുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിത യാത്രയ്ക്കായി പുതിയ പ്രോട്ടോക്കോൾ വേണമെന്ന നിലപാടിൽ ഇറാൻ ഉറച്ചുനിൽക്കുകയാണ്.
ബുധനാഴ്ച പുലർച്ചെ ആക്രമണം? ട്രംപിന്റെ മുന്നറിയിപ്പ്
ഹോർമുസ് കടലിടുക്ക് തുറന്നുകൊടുത്തില്ലെങ്കിൽ ഇറാന്റെ ഊർജ്ജ പ്ലാന്റുകളും പാലങ്ങളും തകർക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തി. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ (ഇന്ത്യൻ സമയം ബുധനാഴ്ച പുലർച്ചെ) ആക്രമണം ആരംഭിക്കുമെന്ന് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യലി'ലൂടെ ട്രംപ് പ്രഖ്യാപിച്ചു. ഒരു സൈനിക നീക്കത്തിന്റെ സമയവും തീയതിയും മുൻകൂട്ടി വെളിപ്പെടുത്തുന്ന ട്രംപിന്റെ രീതി നയതന്ത്ര വിദഗ്ധരെ അമ്പരപ്പിച്ചിരിക്കുകയാണ്.
ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടു; ടെഹ്‌റാനിൽ മിസൈൽ വർഷം
ഇറാൻ ഇസ്‌ലാമിക് റവല്യൂഷനറി ഗാർഡ്‌സിന്റെ (IRGC) ഇന്റലിജൻസ് മേധാവി മജീദ് ഖാദമി കൊല്ലപ്പെട്ടതായി ഇറാൻ സ്ഥിരീകരിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്രായേൽ ഏറ്റെടുത്തു. ഇതിനുപിന്നാലെ ടെഹ്‌റാനിലെ ഷെരീഫ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിക്ക് നേരെയും പാർപ്പിട സമുച്ചയങ്ങൾക്ക് നേരെയും വ്യോമാക്രമണങ്ങൾ ഉണ്ടായി. പാർപ്പിടം തകർന്ന് 13 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഇതിന് തിരിച്ചടിയായി അബുദാബിയിലെ മുസഫ ഐകാഡ് സിറ്റിയിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ ഘാന സ്വദേശിയായ ഒരു തൊഴിലാളിക്ക് പരിക്കേറ്റു.