പുതിയ രാഷ്ട്രീയ പാര്‍ട്ടിയുമായി ഇലോണ്‍ മസ്ക്

Elon Musk
Elon Musk
Published on

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുളള ഭിന്നത രൂക്ഷമായതിനു പിന്നാലെ ശതകോടീശ്വരനും ടെസ്‌ല സിഇഒയുമായ ഇലോണ്‍ മസ്‌ക് പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു. 'അമേരിക്ക പാര്‍ട്ടി' എന്നാണ് മസ്‌കിന്റെ പുതിയ പാര്‍ട്ടിയുടെ പേര്. ഇലോണ്‍ മസ്‌ക് എക്‌സിലൂടെയാണ് പുതിയ പാർട്ടി പ്രഖ്യാപിച്ചത്.

'ഇന്ന് നിങ്ങളുടെ സ്വാതന്ത്ര്യം തിരികെ നല്‍കുന്നതിനായാണ് അമേരിക്ക പാര്‍ട്ടി രൂപീകരിച്ചിരിക്കുന്നത്'-എന്നാണ് മസ്‌ക് എക്‌സില്‍ കുറിച്ചത്. രണ്ട് രാഷ്ട്രീയപാര്‍ട്ടി (ചിലര്‍ ഏക പാര്‍ട്ടി എന്നും പറയും) സമ്പ്രദായത്തില്‍ നിന്ന് സ്വാതന്ത്ര്യം വേണോ? നമ്മള്‍ അമേരിക്ക പാര്‍ട്ടി രൂപീകരിക്കേണ്ടതുണ്ടോ എന്ന് ചോദിച്ചുകൊണ്ട് ഒരു പോള്‍ ഇലോണ്‍ മസ്‌ക് എക്‌സില്‍ പങ്കുവെച്ചിരുന്നു. ധൂര്‍ത്തും അഴിമതിയും കൊണ്ട് രാജ്യത്തെ ജനങ്ങളെ പാപ്പരാക്കുന്ന ഒരു ഏകകക്ഷി ഭരണ സംവിധാനത്തിലാണ് അമേരിക്കക്കാര്‍ ജീവിക്കുന്നതെന്നും ജനാധിപത്യ സംവിധാനത്തിലല്ലെന്നും മസ്‌ക് വിമര്‍ശിച്ചു.

അമേരിക്കയ്ക്ക് ഡെമോക്രറ്റിക്ക്, റിപ്പബ്ലിക്ക് പാർട്ടികളല്ലാതെ ഒരു ബദൽ വേണമെന്നും എങ്കിലേ ജനങ്ങൾക്കും ശബ്‌ദിക്കാനാകൂ എന്നും മസ്‌ക് നേരത്തെ പറഞ്ഞിരുന്നു. കഴിഞ്ഞ വർഷം നടന്ന അമേരിക്കൻ തിരഞ്ഞെടുപ്പിൽ ട്രംപിന്റെ പ്രധാന ഉപദേഷ്ടാക്കളിൽ ഒരാളായിരുന്നു മസ്ക്. ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് 250 മില്യൺ ഡോളറിലധികം മസ്ക് സംഭാവന നൽകിയിരുന്നു. ട്രംപ് അധികാരത്തിലെത്തിയതിന് പിന്നാലെ ചെലവ് ചുരുക്കലിനായി രൂപപ്പെടുത്തിയ ഡോജിൻ്റെ മുഖ്യചുമതലക്കാരനായി മസ്കിനെ നിയമിച്ചിരുന്നു. തൊഴിൽ വെട്ടിക്കുറയ്ക്കൽ അടക്കമുള്ള മസ്കിൻ്റെ പരിഷ്കാരങ്ങൾ വ്യാപക വിമ‍ർശനങ്ങൾക്ക് വഴിവെച്ചിരുന്നു. എന്നാൽ ബിഗ് ബ്യൂട്ടിഫുള്‍ ബില്ലുമായി ബന്ധപ്പെട്ട അഭിപ്രായ ഭിന്നതയെ തുടർന്ന് മസ്ക് ഡോജിൻ്റെ നേതൃസ്ഥാനത്ത് നിന്ന് രാജിവെക്കുകയായിരുന്നു.

Related Stories

No stories found.
Metro Australia
maustralia.com.au