

ഭൂമിയെയും അതിന്റെ ആവാസവ്യവസ്ഥയെയും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ജനങ്ങളെ ഓര്‍മ്മിപ്പിച്ച് ഒരു പരിസ്ഥിതി ദിനം കൂടി. എല്ലാ വര്‍ഷവും ജൂണ്‍ 5 നാണ് ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത്. 1972-ല്‍ ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയാണ് ജൂണ്‍ 5 പരിസ്ഥിതി ദിനമായി പ്രഖ്യാപിച്ചത്. 2026ലെ ആഗോള പരിസ്ഥിതി ദിനാചാരണത്തിന് ആതിഥേയത്വം വഹിക്കുന്നത് അസർബൈജാൻ ആണ്. "പ്രകൃതിയിൽ നിന്ന പ്രചോദനം ഉൾക്കൊണ്ട്, കാലാവസ്ഥയ്ക്കായി, നമ്മുടെ ഭാവിക്കായി" എന്നതാണ് ഇത്തവണത്തെ പ്രമേയം.
എന്നാൽ മനുഷ്യന്റെ അത്യാര്‍ത്തിയും വിവേകരഹിതമായ ഇടപെടലുകളും കാരണം പ്രകൃതിയുടെ സന്തുലിതാവസ്ഥ ഇന്ന് തകിടം മറിഞ്ഞിരിക്കുകയാണ്. കടുത്ത വേനല്‍, മിന്നല്‍ പ്രളയങ്ങള്‍, ആഗോളതാപനം, ജലദൗര്‍ലഭ്യം എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. വായു മലിനീകരണം, പ്ലാസ്റ്റിക് മാലിന്യങ്ങളുടെ കുന്നുകൂടല്‍, വനനശീകരണം തുടങ്ങിയ വലിയ പാരിസ്ഥിതിക വെല്ലുവിളികള്‍ നേരിടുന്ന പുതിയ കാലത്ത് ലോക പരിസ്ഥിതി ദിനാചരണത്തിന് വലിയ പ്രാമുഖ്യമാണുള്ളത്.
പരിസ്ഥിതി സംരക്ഷണം എന്നത് ഒരു ദിവസത്തെ ആചരണത്തില്‍ മാത്രം ഒതുങ്ങേണ്ട ഒന്നല്ല. അത് ജീവിതശൈലിയാണ്. നിത്യജീവിതത്തില്‍ വരുത്തുന്ന ചെറിയ മാറ്റങ്ങളിലൂടെ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ നമുക്ക് സാധിക്കും. മരങ്ങള്‍ നട്ടുവളര്‍ത്തുകയും പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുകയും കുടിവെള്ളം പാഴാക്കാതിരിക്കുകയും വേണം. മഴവെള്ള സംഭരണികള്‍ നിര്‍മ്മിച്ച് ഭൂഗര്‍ഭ ജലനിരപ്പ് ഉയര്‍ത്തുമെന്നും പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളില്ലെന്നും നമുക്ക് പ്രതിജ്ഞയെടുക്കാം. ഭൂമിയെ വരുംതലമുറയ്ക്കായി നമുക്ക് കാത്തുവയ്ക്കാം.