
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് കൊണ്ടുവന്ന ബിഗ് ബ്യൂട്ടിഫുൾ ബിൽ യുഎസ് കോൺഗ്രസ് പാസ്സാക്കി. റിപ്പബ്ലിക്കൻ നേതൃത്വത്തിലുള്ള ജനപ്രതിനിധി സഭയിൽ നേരിയ വ്യത്യാസത്തിലാണ് ബിൽ പാസായത്. 214നെതിരെ 218 വോട്ടിനാണ് ജനപ്രതിനിധി സഭ ബിൽ പാസാക്കിയത്. നേരത്തെ വൈസ് പ്രസിഡൻ്റ് ജെ ഡി വാൻസിൻ്റെ ടൈബ്രേക്ക് വോട്ടിൽ അമേരിക്കൻ സെനറ്റിൽ ബിഗ് ബ്യൂട്ടിഫുൾ ബിൽ പാസ്സായിരുന്നു. ഇതിനിടെ രണ്ട് റിപ്പബ്ലിക്കൻ പ്രതിനിധികൾ ബില്ലിനെതിരെ ജനപ്രതിനി സഭയിൽ ഡമോക്രാറ്റുകൾക്കൊപ്പം വോട്ട് ചെയ്തു. കെൻ്റക്കിയിൽ നിന്നുള്ള റിപ്പബ്ലിക്കൻ പ്രതിനിധികൾ തോമസ് മാസിയും പെൻസിൽവാനിയയിൽ നിന്നുള്ള ബ്രയാൻ ഫിറ്റ്സ്പാട്രിക്കുമായിരുന്നു ട്രംപിൻ്റെ ബിഗ് ബ്യൂട്ടിഫുൾ ബില്ലിനെതിരെ വോട്ട് ചെയ്തത്. ഇരു സഭകളും പാസാക്കിയ ബിൽ പ്രസിഡൻ്റ് ഒപ്പിടുന്നതോടെ നിയമമാകും.
ചരിത്രപരമായ നേട്ടം എന്നായിരുന്നു ബിൽ യുഎസ് കോൺഗ്രസിൽ പാസായതിന് പിന്നാലെ ഡോണൾഡ് ട്രംപ് പ്രതികരിച്ചത്. ഇതുവരെ അമേരിക്കൻ പ്രസിഡൻ്റുമാർ ഒപ്പിട്ടതിൽ വെച്ച് ഈ നിലയിലുള്ള ബില്ലുകളിൽ ഏറ്റവും വലുത് എന്നും ട്രംപ് കൂട്ടിച്ചേർത്തിരുന്നു. ഇത് രാജ്യത്തിന് കുതിപ്പേകുമെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.
സൈന്യത്തിനും അതിര്‍ത്തി സുരക്ഷയ്ക്കും കൂടുതല്‍ തുക അനുവദിക്കുന്ന ബില്‍ കൂട്ട നാടുകടത്തല്‍ പദ്ധതിയും വ്യവസ്ഥ ചെയ്യുന്നുണ്ട്. മെഡികെയ്ഡ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ 1.2 ട്രില്യണ്‍ ഡോളര്‍ വരെ വെട്ടിക്കുറയ്ക്കാന്‍ ബില്‍ നിര്‍ദേശിക്കുന്നുണ്ട്. സാമൂഹിക ക്ഷേമ പദ്ധതികള്‍ വെട്ടിക്കുറയ്ക്കാനും ദേശീയ കടത്തില്‍ 3 ട്രില്യണ്‍ ഡോളര്‍ കൂട്ടിച്ചേര്‍ക്കാനും ഉദ്ദേശിച്ചുളള ബില്ലാണ് അമേരിക്കൻ കോൺഗ്രസും അംഗീകരിച്ചിരിക്കുന്നത്. ഡെമോക്രാറ്റ് അംഗങ്ങളില്‍ നിന്നും ശക്തമായ എതിര്‍പ്പ് ഉണ്ടായിരുന്നിട്ടും നേരിയ ഭൂരിപക്ഷത്തിൽ ബിൽ സെനറ്റിലും ജനപ്രതിനിധി സഭയിലും പാസ്സാക്കാൻ ട്രംപിന് സാധിച്ചത് നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.