കിവീസിനെതിരെ ക്യാപ്റ്റൻ്റെ തോളിലേറി വെസ്റ്റ് ഇൻഡീസിന് മികച്ച സ്കോർ!
ന്യൂസിലാൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ സെഞ്ച്വറിയുമായി മുന്നിൽ നിന്ന് നയിച്ച ക്യാപ്റ്റൻ ഷായി ഹോപ്പിന്റെ പ്രകടനത്തിലൂടെ വെസ്റ്റ് ഇൻഡീസിന് മികച്ച സ്കോർ. മഴമൂലം 34 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 247 റൺസെടുത്തു. നേരത്തെ മഴപെയ്ത പിച്ചിൽ ടോസ് നേടിയ ന്യൂസിലാൻഡ് ബൗളിങ് തിരഞ്ഞെടുത്തു. കൃത്യമായ ഇടവേളകളിൽ വിൻഡീസ് മുൻനിര തകർന്നടിഞ്ഞപ്പോൾ ഷായി ഹോപ്പ് ഒരറ്റത്ത് പിടിച്ചുനിന്നു. 69 പന്തിൽ 13 ഫോറുകളും നാല് സിക്സറും സഹിതം ഹോപ്പ് പുറത്താകാതെ 109 റൺസെടുത്തു. അക്കീം അഗസ്റ്റി 22, ജസ്റ്റിൻ ഗ്രീവ്സ് 22, റൊമാരിയോ ഷെപ്പേർഡ് 22, മാത്യൂ ഫോർഡ് 21 എന്നിങ്ങനെയാണ് വിൻഡീസ് നിരയിലെ മറ്റ് സംഭവാനകൾ. ഒരു ഘട്ടത്തിൽ അഞ്ചിന് 86 എന്നും പിന്നീട് ആറിന് 130 എന്നും തകർന്ന വിൻഡീസിനെ മികച്ച സ്കോറിലെത്തിച്ചത് ഷായി ഹോപ്പിന്റെ സെഞ്ച്വറിയാണ്.
എന്നാൽ ചില ചരിത്ര നേട്ടങ്ങളുടെ ഭാഗമാകാനും ഈ സെഞ്ച്വറിയോടെ ഹോപ്പിന് കഴിഞ്ഞു. തന്റെ കരിയറിലെ 19-ാം ഏകദിന സെഞ്ച്വറിയാണ് 32കാരനായ ഹോപ്പ് ന്യൂസിലാൻഡിനെതിരെ നേടിയത്. വെസ്റ്റ് ഇൻഡീസിനായി ഏറ്റവും കൂടുതൽ ഏകദിന സെഞ്ച്വറി നേട്ടമെന്ന റെക്കോർഡിൽ ബ്രയാൻ ലാറയ്ക്കൊപ്പം രണ്ടാം സ്ഥാനത്തെത്താനും ഹോപ്പിന് കഴിഞ്ഞു.

