77 അപൂർവ 'ചുവന്ന ക്വാസറുകൾ' കണ്ടെത്തി

കോസ്‌മിക് പൊടിയും വാതകവും മറച്ചുവെച്ചിരുന്ന 77 അപൂർവ 'ചുവന്ന ക്വാസറുകൾ' (Red Quasars) ശാസ്ത്രജ്ഞർ കണ്ടെത്തിയതായി പുതിയ പഠനം വ്യക്തമാക്കുന്നു.
 77 അപൂർവ 'ചുവന്ന ക്വാസറുകൾ' കണ്ടെത്തി
(Photo: S Munro)
Published on

പ്രപഞ്ചത്തിലെ അതിപ്രകാശമുള്ള വസ്‍തുക്കളിലൊന്നായ ക്വാസറുകളെക്കുറിച്ചുള്ള പഠനത്തിൽ പുതിയ കണ്ടെത്തലുമായി ശാസ്ത്രലോകം. കോസ്‌മിക് പൊടിയും വാതകവും മറച്ചുവെച്ചിരുന്ന 77 അപൂർവ 'ചുവന്ന ക്വാസറുകൾ' (Red Quasars) ശാസ്ത്രജ്ഞർ കണ്ടെത്തിയതായി പുതിയ പഠനം വ്യക്തമാക്കുന്നു. ഗാലക്‌സികളുടെ രൂപീകരണവും അവയുടെ വളർച്ചയും സംബന്ധിച്ച നിലവിലെ സിദ്ധാന്തങ്ങൾക്ക് കൂടുതൽ ശക്തമായ തെളിവുകളാണ് ഈ കണ്ടെത്തല്‍ നൽകുന്നത്. സാധാരണയായി വലിയ ഗാലക്‌സികളുടെ മധ്യഭാഗത്ത് സൂപ്പർമാസീവ് ബ്ലാക്ക് ഹോളുകൾ സ്ഥിതിചെയ്യുന്നു. ഇവ ചുറ്റുപാടിലുള്ള വസ്‌തുക്കളെ ആകർഷിച്ച് വിഴുങ്ങുമ്പോൾ അതിശക്തമായ ഊർജ്ജം പുറപ്പെടുവിക്കുന്ന ക്വാസറുകൾ രൂപപ്പെടുന്നു. എന്നാൽ ചില ക്വാസറുകൾ കട്ടിയുള്ള കോസ്‌മിക് പൊടിയും വാതകവും കൊണ്ട് മറഞ്ഞതിനാൽ അവ ചുവപ്പുനിറത്തിൽ മങ്ങിയ രൂപത്തിലാണ് ദൃശ്യമാകുന്നത്. ഇതുകൊണ്ടുതന്നെ ഇവയെ കണ്ടെത്തുന്നത് ഏറെ ദുഷ്‍കരമായിരുന്നു.

ഗാലക്‌സികൾ തമ്മിൽ കൂട്ടിയിടിക്കുമ്പോൾ വലിയ അളവിലുള്ള വാതകമേഘങ്ങൾ ഗാലക്‌സികളുടെ കേന്ദ്രത്തിലേക്ക് നീങ്ങുന്നു. ഈ പ്രക്രിയയിൽ പുതിയ നക്ഷത്രങ്ങളും സൂപ്പർമാസീവ് ബ്ലാക്ക് ഹോളുകളും രൂപംകൊള്ളുന്നു. അതേസമയം, ബ്ലാക്ക് ഹോളിന്‍റെ ചുറ്റുമുള്ള പൊടിയും വാതകവും അതിന്‍റെ പ്രകാശം മറയ്ക്കുകയും “ചുവന്ന ക്വാസർ” എന്ന ഇടക്കാല ഘട്ടം സൃഷ്ടിക്കുകയും ചെയ്യുന്നു. ശാസ്ത്രജ്ഞർ ഏറെക്കാലമായി ഈ ഘട്ടത്തെക്കുറിച്ച് സംശയിച്ചിരുന്നുവെങ്കിലും വ്യക്തമായ തെളിവുകൾ ലഭിച്ചിരുന്നില്ല.

നാസയുടെ ബഹിരാകാശ ദൂരദർശിനിയായ SPHEREX ഉപയോഗിച്ചാണ് പുതിയ കണ്ടെത്തൽ നടത്തിയത്. കണ്ടെത്തിയ 77 ക്വാസറുകളും വളരെ ഉയർന്ന റെഡ്‌ഷിഫ്റ്റ് മൂല്യമുള്ളവയാണ്. അതായത്, പ്രപഞ്ചത്തിൽ നക്ഷത്ര രൂപീകരണം ഏറ്റവും സജീവമായിരുന്ന ബില്യൺ വർഷങ്ങൾ മുമ്പാണ് ഇവ രൂപംകൊണ്ടത്. ഈ ക്വാസറുകൾ ശക്തമായ പ്രകാശം പുറപ്പെടുവിച്ചിട്ടും ചൂടുള്ള പൊടിയിൽ നിന്നുള്ള വികിരണം വളരെ കുറവാണെന്ന് ഗവേഷകർ കണ്ടെത്തി. അതിനാൽ ഇവ ചുറ്റുമുള്ള പൊടിയും വാതകവും ശക്തമായ 'കോസ്‌മിക് കാറ്റുകൾ' വഴി പുറത്തേക്ക് തള്ളിക്കളയുന്ന ഘട്ടത്തിലാണെന്ന് ശാസ്ത്രജ്ഞർ കരുതുന്നു.

Metro Australia
maustralia.com.au