
അലാസ്‌ക: മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഡോണള്‍ഡ് ട്രംപായിരുന്നു അമേരിക്കന്‍ പ്രസിഡന്റെങ്കില്‍ യുക്രെയിനുമായി യുദ്ധമുണ്ടാകില്ലായിരുന്നുവെന്ന് വ്‌ളാഡിമിര്‍ പുടിന്‍. ട്രംപുമായി അലാസ്‌കയില്‍ വച്ച് നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് ശേഷം ഇരുവരും സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു പുടിന്റെ ഈ പരാമര്‍ശം.
യുക്രൈന്‍ നാറ്റോയില്‍ അംഗമാകാന്‍ ശ്രമിച്ചതില്‍ പ്രകോപിതരായി റഷ്യ യുക്രൈനില്‍ അധിനിവേശം ആരംഭിച്ചപ്പോൾ അന്ന് ജോ ബൈഡനായിരുന്നു അമേരിക്കന്‍ പ്രസിഡന്റ്. 2022ല്‍ അമേരിക്കന്‍ പ്രസിഡന്റ് താനായിരുന്നെങ്കില്‍ യുദ്ധം അവസാനിപ്പിച്ചേനെ എന്ന് ട്രംപ് നിരന്തരം അവകാശപ്പെടാറുണ്ട്. അധികാരത്തിലെത്തി 24 മണിക്കൂറിനകം തന്നെ യുദ്ധം അവസാനിപ്പിക്കുമെന്നായിരുന്നു തെരഞ്ഞെടുപ്പ് പ്രചരണകാലത്തെ ട്രംപിന്റെ വാക്കുകള്‍. ട്രംപിന്റെ ഈ വാദം പുടിന്‍ ശരിവച്ചു. ട്രംപും താനും തമ്മില്‍ വളരെ വിശ്വസ്തമായ ഒരു ബന്ധം സ്ഥാപിച്ചുവെന്നും വൈകാതെ നല്ല കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്ന് കരുതുന്നു എന്നും പുടിന്‍ കൂട്ടിച്ചേര്‍ന്നു. അതേസമയം ബൈഡന്‍ ഭരണകാലത്ത് അമേരിക്കയുടെ സൈനിക നടപടികളുടെ ഗുരുതര പ്രത്യാഘാതങ്ങളെക്കുറിച്ച് സംസാരിച്ചിരുന്നുവെന്നും സാഹചര്യം വഷളാകുന്നത് തടയാന്‍ ബൈഡനെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താനും ശ്രമിച്ചുവെന്ന് പുടിന്‍ കൂട്ടിച്ചേർത്തു.