

ബ്രിട്ടീഷ് രാജകുടുംബാംഗങ്ങളായ പ്രിൻസ് ഹാരിയും മേഗൻ മാർക്കിളും തങ്ങളുടെ മക്കളായ പ്രിൻസ് ആർച്ചിയും പ്രിൻസസ് ലിലിബെറ്റുമായി അടുത്ത മാസം ബ്രിട്ടൻ സന്ദർശിക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ. 2022ന് ശേഷം ആദ്യമായാണ് കുട്ടികൾ ബ്രിട്ടനിലെത്തുന്നത്. 2020-ൽ രാജകുടുംബത്തിലെ ഔദ്യോഗിക ചുമതലകളിൽ നിന്ന് പിന്മാറി അമേരിക്കയിലേക്ക് താമസം മാറിയതിനു ശേഷം, സുരക്ഷാ ആശങ്കകൾ കാരണം ഹാരിയും മേഗനും കുട്ടികളുമായി ബ്രിട്ടൻ സന്ദർശിച്ചിരുന്നില്ല. എന്നാൽ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കിയതോടെയാണ് കുടുംബസമേതമുള്ള യാത്രയ്ക്ക് ഹാരി തയ്യാറായതെന്നാണ് റിപ്പോർട്ടുകൾ.
2027-ൽ ബർമിംഗ്ഹാമിൽ നടക്കാനിരിക്കുന്ന ഇൻവിക്ടസ് ഗെയിംസിന്റെ ‘വൺ ഇയർ ടു ഗോ’ പ്രചാരണ പരിപാടിയിൽ പങ്കെടുക്കാനാണ് ഹാരി ബ്രിട്ടനിലെത്തുന്നത്. പരിക്കേറ്റ സൈനികർക്കായി സംഘടിപ്പിക്കുന്ന ഈ അന്താരാഷ്ട്ര കായികമേളയുടെ സ്ഥാപകനാണ് ഹാരി. ഈ സന്ദർശനത്തിനിടെ ഹാരിയുടെ പിതാവായ കിംഗ് ചാൾസ് മൂന്നാമനുമായി കുട്ടികൾക്ക് കൂടിക്കാഴ്ച നടത്താനാകുമോ എന്നതും ശ്രദ്ധേയമാണ്. 2022ന് ശേഷം രാജാവിന് തന്റെ കൊച്ചുമക്കളെ നേരിൽ കാണാൻ അവസരം ലഭിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. അടുത്തിടെ ഹാരിയും ചാൾസും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടുവരുന്നതായും സൂചനകളുണ്ട്. രാജകുടുംബവുമായി ഉണ്ടായിരുന്ന വർഷങ്ങളായുള്ള അകൽച്ചയ്ക്ക് ശേഷം, ഈ സന്ദർശനം ബന്ധങ്ങൾ പുനഃസ്ഥാപിക്കുന്നതിലേക്കുള്ള ഒരു പ്രധാന ചുവടുവയ്പ്പായി വിലയിരുത്തപ്പെടുന്നു.