

വത്തിക്കാൻ: അമേരിക്കയുടെ കടന്നുകയറ്റത്തിന് പിന്നാലെ വെനസ്വേലയെക്കുറിച്ചുള്ള ആശങ്ക പങ്കുവെച്ച് ലിയോ പതിനാലാമൻ മാർപാപ്പ. വെനസ്വേലയുടെ പരമാധികാരം സംരക്ഷിക്കപ്പെടണം എന്നും ഭരണഘടനയുള്ള ഒരു നിയമവാഴ്ച ഉണ്ടാകണമെന്നും മാർപാപ്പ എക്‌സിലൂടെ ആവശ്യപ്പെട്ടു. വ്യക്തികളുടെ മനുഷ്യാവകാശങ്ങളെയും പൗരാവകാശങ്ങളെയും ബഹുമാനിക്കണമെന്നും, സഹകരണത്തിന്റെയും സ്ഥിരതയുടെയും യോജിപ്പിന്റെയും ശാന്തമായ ഒരു ഭാവി കെട്ടിപ്പടുക്കണമെന്നും മാർപാപ്പ കുറിച്ചു.
'വെനസ്വേലയിലെ സംഭവവികാസങ്ങൾ ഞാൻ വളരെ ആശങ്കയോടെയാണ് പിന്തുടരുന്നത്. പ്രിയപ്പെട്ട വെനസ്വേലൻ ജനതയുടെ നന്മ മറ്റെല്ലാ പരിഗണനകളേക്കാളും നിലനിൽക്കണം. ഇത് അക്രമത്തെ മറികടക്കുന്നതിലേക്കും നീതിയുടെയും സമാധാനത്തിന്റെയും പാതകൾ പിന്തുടരുന്നതിലേക്കും നയിക്കണം. ഇതിനെല്ലാം വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു, കൊറോമോട്ടോയിലെ മാതാവിന്റെയും വിശുദ്ധരായ ജോസ് ഗ്രിഗോറിയോ ഹെർണാണ്ടസിന്റെയും കാർമെൻ റെൻഡിൽസിന്റെയും മധ്യസ്ഥതയിൽ ഞങ്ങളുടെ പ്രാർത്ഥന സമർപ്പിച്ചുകൊണ്ട് നിങ്ങളെയും പ്രാർത്ഥിക്കാൻ ഞാൻ ക്ഷണിക്കുന്നു' എന്നായിരുന്നു മാർപാപ്പ കുറിച്ചത്.