

ഇസ്‌ലാമാബാദ്: പാക്ക് അധിനിവേശ കശ്മീരിൽ (PoK) തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജനകീയ പ്രക്ഷോഭവും ആഭ്യന്തര കലാപവും രൂക്ഷമാകുന്നതിനിടെ മാധ്യമങ്ങൾക്ക് മേൽ കടുത്ത ഡിജിറ്റൽ സെൻസർഷിപ്പുമായി പാക്കിസ്ഥാൻ. അന്താരാഷ്ട്ര വാർത്താ ശൃംഖലയായ അൽ ജസീറ ഇംഗ്ലീഷ് ഉൾപ്പെടെയുള്ള മുൻനിര ഡിജിറ്റൽ മാധ്യമങ്ങൾക്ക് രാജ്യത്തുടനീളം പാക് ഭരണകൂടം വിലക്കേർപ്പെടുത്തിയതായി വാർത്താ ഏജൻസിയായ എ.എൻ.ഐ (ANI) റിപ്പോർട്ട് ചെയ്തു.
ഓഗസ്റ്റ് 10 വരെ വിവിധ ഘട്ടങ്ങളായി നടക്കുന്ന തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജൂൺ മാസം മുതൽ ആരംഭിച്ച സംഘർഷങ്ങളിൽ ഇതുവരെ 80-ലധികം പേർ കൊല്ലപ്പെട്ടിട്ടുണ്ട്. ജനകീയ പ്രതിഷേധങ്ങളെ പാക് സുരക്ഷാ സേന ക്രൂരമായി അടിച്ചമർത്തുന്നതിന്റെ ദൃശ്യങ്ങളും വാർത്തകളും പുറത്തുവിട്ടതിനാണ് അൽ ജസീറയ്‌ക്കെതിരെ നടപടി. എന്നാൽ അൽ ജസീറ പക്ഷപാതപരമായ വാർത്തകളാണ് നൽകുന്നതെന്നാണ് പാക്കിസ്ഥാൻ വിവരസാങ്കേതിക മന്ത്രാലയത്തിന്റെ വാദം. മേഖലയിൽ കഴിഞ്ഞ 50 ദിവസത്തിലേറെയായി ഇന്റർനെറ്റ് വിച്ഛേദിച്ചിരിക്കുകയാണെന്നും കടുത്ത പ്രതിസന്ധിയിലാണ് വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതെന്നും അൽ ജസീറ വ്യക്തമാക്കിയിരുന്നു. നിലവിൽ മുസാഫറാബാദിൽ തുടങ്ങിയ പ്രക്ഷോഭം ഇസ്‌ലാമാബാദിലേക്കും റാവൽപിണ്ടിയിലേക്കും പടർന്നിരിക്കുകയാണ്.