നിമിഷപ്രിയയുടെ മോചനം: സാമുവല്‍ ജെറോമിനെതിരെ തലാലിന്റെ സഹോദരന്‍

Samuel Jerome
Samuel Jerome
Published on

സന: നിമിഷപ്രിയയുടെ മോചനത്തിനായെന്ന പേരില്‍ പണം പിരിച്ച മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമുവല്‍ ജെറോമിനെതിരെ കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍ ഫത്താഹ് അബ്ദുള്‍ മഹ്ദി. ബിബിസിയില്‍ അവകാശപ്പെട്ടത് പോലെ സാമുവല്‍ ജെറോം അഭിഭാഷകനല്ലെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. മധ്യസ്ഥതയുടെ പേരില്‍ സാമുവല്‍ ജെറോം പണം പിരിക്കുകയാണെന്നും എന്നാല്‍ ഇയാള്‍ മധ്യസ്ഥതയ്ക്കായി തങ്ങളെ ഇതുവരെ കണ്ടിട്ടില്ലെന്ന് മഹ്ദി പറയുന്നു.

'നിരവധി പ്ലാറ്റ്‌ഫോമുകളില്‍ നിന്നും മധ്യസ്ഥതയുടെ പേരില്‍ എണ്ണമില്ലാത്ത അത്രയും പണം അദ്ദേഹം ശേഖരിക്കുകയാണ്. പുതുതായി 40000 ഡോളറാണ് ശേഖരിച്ചത്. ഈ വിഷയത്തില്‍ അദ്ദേഹം ഞങ്ങളെ കാണുകയോ ഒരു ടെക്‌സ്റ്റ് മെസേജിലൂടെ ബന്ധപ്പെടുകയോ ചെയ്തിട്ടില്ല, മറിച്ചാണെന്ന് തെളിയിക്കാന്‍ ഞാന്‍ അദ്ദേഹത്തെ വെല്ലുവിളിക്കുന്നു', തലാലിന്റെ സഹോദരന്‍ പറയുന്നു.

നിമിഷപ്രിയയെ വധിക്കാനുള്ള ഉത്തരവ് പ്രസിഡന്റ് അംഗീകരിച്ചപ്പോള്‍ സനയില്‍ നിന്നും സാമുവല്‍ ജെറോം തന്നെ കണ്ടെന്നും സന്തോഷത്തോടെ അദ്ദേഹം തങ്ങളെ അഭിനന്ദിക്കുകയുമായിരുന്നുവെന്നും മഹ്ദി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ മണിക്കൂറുകള്‍ക്ക് ശേഷം കേരളത്തിലെ മാധ്യമങ്ങള്‍ കണ്ടപ്പോള്‍ മധ്യസ്ഥതയെ കുറിച്ച് സാമുവല്‍ സംസാരിക്കുന്നത് കണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

'തലാലിന്റെ കുടുംബവുമായി ചര്‍ച്ച ചെയ്യാനുള്ള ചെലവെന്ന പേരില്‍ 20 ഡോളറിന് വേണ്ടി അഭ്യര്‍ത്ഥിക്കുന്ന വാര്‍ത്ത കണ്ടു. ഞങ്ങള്‍ മാധ്യമങ്ങളിലൂടെ മാത്രം അറിഞ്ഞ അദ്ദേഹത്തിന്റെ 'മധ്യസ്ഥത'യ്ക്ക് വേണ്ടി ഞങ്ങളുടെ ചോര ഊറ്റുകയാണ് അയാള്‍. സത്യം ഞങ്ങള്‍ക്ക് അറിയാം. അദ്ദേഹം കളവ് പറയുന്നതും വഞ്ചനയും അവസാനിപ്പിച്ചില്ലെങ്കില്‍ ഞങ്ങള്‍ അത് വെളിപ്പെടുത്തും', മഹ്ദി പറയുന്നു.

Metro Australia
maustralia.com.au