

വെല്ലിംഗ്ടൺ: അയൽരാജ്യമായ ഓസ്‌ട്രേലിയയുടെ മാതൃക പിന്തുടർന്ന് 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്താൻ ന്യൂസിലൻഡ് സർക്കാർ ഒരുങ്ങുന്നു. സോഷ്യൽ മീഡിയ ആപ്പുകൾ കുട്ടികളിൽ ഉണ്ടാക്കുന്ന മാനസികാരോഗ്യ പ്രശ്നങ്ങളും ആസക്തിയും തടയുക എന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൺ (Christopher Luxon) പുതിയ നിയമനിർമ്മാണത്തിന് തുടക്കമിട്ടത്. 13-നും 17-നും ഇടയിൽ പ്രായമുള്ള മൂന്നിലൊന്ന് കുട്ടികൾ പ്രതിദിനം അഞ്ച് മണിക്കൂറിലധികം സോഷ്യൽ മീഡിയയിൽ ചെലവഴിക്കുന്നുണ്ടെന്ന് സർക്കാർ വ്യക്തമാക്കുന്നു.
പുതിയ നിയമപ്രകാരം പ്രായപരിശോധന ഉറപ്പാക്കേണ്ട പൂർണ്ണ ഉത്തരവാദിത്തം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കായിരിക്കും. 16 വയസ്സിന് താഴെയുള്ളവരെ സോഷ്യൽ മീഡിയ ഉപയോഗിക്കാൻ അനുവദിക്കുന്ന മെറ്റ (Meta), ടിക് ടോക് തുടങ്ങിയ കമ്പനികൾക്ക് അവരുടെ ആഗോള വരുമാനത്തിന്റെ 10 ശതമാനം വരെ ഭീമമായ പിഴ ചുമത്താൻ നിയമത്തിൽ വ്യവസ്ഥയുണ്ട്. എന്നാൽ ഭരണസഖ്യത്തിലെ പങ്കാളികളായ എ.സി.ടി (ACT), എൻ.ഇസഡ് ഫസ്റ്റ് (NZ First) പാർട്ടികളുടെയും പ്രധാന പ്രതിപക്ഷമായ ലേബർ പാർട്ടിയുടെയും എതിർപ്പുകൾ നിലനിൽക്കുന്നതിനാൽ ബിൽ പാസാകുമോ എന്നതിൽ അനിശ്ചിതത്വം തുടരുകയാണ്.