

വാഷിംഗ്‌ടണ്‍: ചൊവ്വയിലേക്കുള്ള ഒരു അത്യാധുനിക ദൗത്യം പ്രഖ്യാപിച്ചിരിക്കുകയാണ് നാസ. സ്കൈഫോൾ (Skyfall) എന്ന പേരിലുള്ള ഈ ദൗത്യം 2028 ഡിസംബറിൽ വിക്ഷേപിക്കാനാണ് പദ്ധതിയിടുന്നത്. ആണവശക്തിയിൽ പ്രവർത്തിക്കുന്ന ആദ്യത്തെ ഇന്‍റർപ്ലാനറ്ററി ബഹിരാകാശ പേടകമാണ് ഇത് എന്നതാണ് ഈ ദൗത്യത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത. സ്പേസ് റിയാക്‌ടർ-1 ഫ്രീഡം (SR-1 Freedom) എന്ന ഈ പേടകം, ഭാവിയിലെ ബഹിരാകാശ യാത്രകൾക്ക് വഴികാട്ടിയാകുമെന്ന് നാസ പ്രതീക്ഷിക്കുന്നു. ആണവ വൈദ്യുത പ്രൊപ്പൽഷൻ സാങ്കേതികവിദ്യയാണ് SR-1 ഫ്രീഡത്തിന്‍റെ കരുത്ത്. പരമ്പരാഗത രാസ ഇന്ധനങ്ങളെ ആശ്രയിക്കുന്നതിന് പകരം ഫിഷൻ റിയാക്‌ടർ വൈദ്യുതി ഉൽപാദിപ്പിച്ച് അയോൺ ത്രസ്റ്ററുകൾ പ്രവർത്തിപ്പിക്കുന്നതാണ് ഈ സംവിധാനം. 20 കിലോവാട്ടിൽ കൂടുതലുള്ള ഫിഷൻ റിയാക്‌ടർ ഹൈ-അസ്സേ ലോ-എൻറിച്ച്ഡ് യൂറേനിയം ഉപയോഗിച്ചാണ് പ്രവർത്തിക്കുക. വിക്ഷേപണത്തിന് 48 മണിക്കൂറിനുള്ളിൽ റിയാക്‌ടർ സജീവമാകുകയും തുടർന്ന് ബഹിരാകാശ യാത്ര കൂടുതൽ കാര്യക്ഷമമാകുകയും ചെയ്യും. ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് ചൊവ്വയിലേക്ക് എത്താനുള്ള സമയം കുറഞ്ഞത് 25 ശതമാനം വരെ കുറയ്ക്കാമെന്നാണ് വിദഗ്‌ധരുടെ വിലയിരുത്തൽ.
സ്കൈഫോൾ ദൗത്യത്തിന്‍റെ മറ്റൊരു ശ്രദ്ധേയ ഘടകമാണ് ഹെലികോപ്റ്ററുകളുടെ കൂട്ടം. ഇൻജിന്യൂട്ടി ഹെലികോപ്റ്ററിനെ മാതൃകയാക്കി നിർമ്മിക്കുന്ന ഈ ചെറിയ ഹെലികോപ്റ്ററുകൾ ചൊവ്വയുടെ അന്തരീക്ഷത്തിലൂടെ ഇറങ്ങുന്നതിനിടെ തന്നെ ക്യാപ്സൂളിൽ നിന്ന് വേർപെട്ട് സ്വതന്ത്രമായി ലാൻഡ് ചെയ്യും. ഇത് നിലവിൽ ഉപയോഗിക്കുന്ന സ്കൈ-ക്രെയ്ൻ രീതിയിൽ നിന്ന് വ്യത്യസ്‍തമാണ്.