

വാഷിങ്ടൺ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ള ഒരു ആസ്ട്രനോട്ടിന് ഗുരുതര ആരോഗ്യ പ്രശ്നം കാരണം ക്രൂ 11 ദൗത്യം നേരത്തെ അവസാനിപ്പിക്കാനും നാലംഗ സംഘത്തേ നേരത്തെ ഭൂമിയിലേക്ക് മടക്കികൊണ്ടുവരാനും നാസ തീരുമാനിച്ചു. ഏത് സഞ്ചാരിക്കാണ് ആരോഗ്യപ്രശ്നമെന്ന് വെളിപ്പെടുത്തിയിട്ടില്ല. ചരിത്രത്തിലാദ്യമായാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഇങ്ങനെയൊരു അടിയന്തര തിരിച്ചുകൊണ്ടുവരൽ വേണ്ടി വരുന്നത്.
മിഷൻ കമാൻഡറായ നാസയുടെ സെന കാർഡ്മാൻ, മിഷൻ പൈലറ്റായ നാസയുടെ തന്നെ മൈക്ക് ഫിൻകെ, മിഷൻ സ്പെഷ്യലിസ്റ്റുകളായ ജാപ്പനീസ് ബഹിരാകാശ ഏജൻസി ജാക്സയുടെ കിമിയ യുവി, റഷ്യൻ ബഹിരാകാശ ഏജൻസി റോസ്കോസ്മോസിൻ്റെ ഒലെഗ് പ്ലാറ്റോണോവ് എന്നിവരടങ്ങുന്നതാണ് ക്രൂ 11 സംഘം. ജനുവരി എട്ടിന് സെന കാർഡ്മാനും മൈക്ക് ഫിൻകെയും ചേർന്ന് ഒരു ബഹിരാകാശ നടത്തം പദ്ധതിയിട്ടിരുന്നു. നിലയത്തിന്റെ പവർ സിസ്റ്റത്തിലെ അറ്റകുറ്റപ്പണിയായിരുന്നു ലക്ഷ്യം. അവസാന നിമിഷം ഇത് മാറ്റി. രണ്ടിലൊരാൾക്ക് ആരോഗ്യപ്രശ്നം കണ്ടെത്തിയതിനെ തുടർന്നായിരുന്നു പിൻമാറ്റമെന്ന് അറിയിപ്പുണ്ടായിരുന്നു.