

വാട്‌സ്ആപ്പ് ഉപയോക്താക്കളുടെ സ്വകാര്യ സന്ദേശങ്ങൾ കമ്പനിക്ക് ആക്‌സസ് ചെയ്യാനും വിശകലനം ചെയ്യാനും കഴിയുമെന്ന് ആരോപിച്ച് മെറ്റയ്‌ക്കെതിരെ (Meta) അന്താരാഷ്ട്ര തലത്തിൽ ഉപയോക്താക്കൾ കോടതിയെ സമീപിച്ചു. വാട്‌സ്ആപ്പ് അവകാശപ്പെടുന്ന 'എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ' (E2EE) പൂർണ്ണമല്ലെന്നും, സ്വകാര്യ ആശയവിനിമയങ്ങളിൽ കമ്പനി 'ബാക്ക്ഡോർ' (Backdoor) ആക്‌സസ് നിലനിർത്തുന്നുവെന്നും ആരോപിച്ചാണ് യുഎസ് ജില്ലാ കോടതിയിൽ ഹർജി സമർപ്പിച്ചത്.
ഇന്ത്യ, ബ്രസീൽ, ഓസ്‌ട്രേലിയ, മെക്‌സിക്കോ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള ഉപയോക്താക്കളെ പ്രതിനിധീകരിച്ചാണ് ഈ ക്ളാസ്-ആക്ഷൻ (Class-action) ഹർജി നൽകിയിരിക്കുന്നത്. ബ്ലൂംബെർഗ് റിപ്പോർട്ട് അനുസരിച്ച്, വാട്‌സ്ആപ്പ് സന്ദേശങ്ങൾ സംഭരിക്കാനും പരിശോധിക്കാനും കമ്പനിക്ക് കഴിയുമെന്നും, പ്രൈവസി സംബന്ധിച്ച വാഗ്ദാനങ്ങൾ തെറ്റാണെന്നും ഹർജിയിൽ പറയുന്നു.
ഈ ആരോപണങ്ങളെ മെറ്റ തള്ളിക്കളഞ്ഞു. കേസ് "അസംബന്ധവും" "അടിസ്ഥാനരഹിതവും" ആണെന്ന് കമ്പനി വക്താവ് ആൻഡി സ്റ്റോൺ പ്രതികരിച്ചു. കഴിഞ്ഞ പത്ത് വർഷമായി സിഗ്നൽ പ്രോട്ടോക്കോൾ ഉപയോഗിച്ചുള്ള എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ വാട്‌സ്ആപ്പിൽ ഉണ്ടെന്നും സന്ദേശങ്ങൾ ആർക്കും ചോർത്താൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഹർജി നൽകിയവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മെറ്റ അറിയിച്ചു.