

തെക്കൻ ലെബനന്റെ നിയന്ത്രണം ഏറ്റെടുക്കാനും ലിതാനി നദി വരെ ഇസ്രായേൽ സൈന്യത്തെ വിന്യസിക്കാനും പദ്ധതിയിടുന്നതായി ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് പ്രഖ്യാപിച്ചു. ഹിസ്ബുള്ളയുടെ ഭീഷണി ഒഴിവാക്കി അതിർത്തി ഗ്രാമങ്ങളിലെ ഇസ്രായേൽ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാനാണ് ഈ നീക്കമെന്ന് അദ്ദേഹം വ്യക്തമാക്കി. ലിതാനി നദിക്ക് കുറുകെയുള്ള അഞ്ച് പാലങ്ങൾ ഇസ്രായേൽ സൈന്യം ഇതിനോടകം തകർത്തു. ഗാസയിലെ റഫ, ബെയ്ത് ഹനൂൻ മാതൃകയിൽ അതിർത്തിയിലെ ലെബനൻ ഗ്രാമങ്ങൾ തകർക്കുമെന്നും ഇസ്രായേൽ മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ മൂന്നാഴ്ചയായി തുടരുന്ന കനത്ത ബോംബാക്രമണത്തിൽ ലെബനനിൽ ഇതുവരെ നൂറിലധികം കുട്ടികളടക്കം ആയിരത്തിലധികം പേർ കൊല്ലപ്പെട്ടു. പത്ത് ലക്ഷത്തിലധികം ആളുകൾ പലായനം ചെയ്തതായാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്. ഇസ്രായേലിന്റെ ഈ നീക്കം ലെബനന്റെ നിലനിൽപ്പിന് തന്നെ ഭീഷണിയാണെന്നും സൈനിക അധിനിവേശത്തെ ശക്തമായി ചെറുക്കുമെന്നും ഹിസ്ബുള്ള വ്യക്തമാക്കി. ഇസ്രായേലിന്റെ നടപടി സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെ തകർക്കുന്നതാണെന്ന വിമർശനവും ഉയരുന്നുണ്ട്.
ലെബനനിലെ സംഘർഷം വ്യാപിക്കുന്നതിൽ ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രി പെണ്ണി വോങ് കടുത്ത ആശങ്ക രേഖപ്പെടുത്തി. ഇസ്രായേൽ വിദേശകാര്യ മന്ത്രി ഗിദിയാൻ സാറുമായി അവർ ഫോണിൽ സംസാരിച്ചു. വൻതോതിലുള്ള സൈനിക നീക്കം മാനുഷിക പ്രതിസന്ധി രൂക്ഷമാക്കുമെന്ന് അവർ മുന്നറിയിപ്പ് നൽകി. എന്നാൽ തങ്ങളുടെ പൗരന്മാർക്ക് നേരെ ലെബനനിൽ നിന്ന് തുടർച്ചയായി ഉണ്ടാകുന്ന റോക്കറ്റ്, ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധിക്കാനാണ് സൈന്യം ശ്രമിക്കുന്നതെന്ന് ഇസ്രായേൽ മറുപടി നൽകി.