ഹോർമുസിൽ കപ്പലുകൾക്ക് 'ബാരൽ നികുതി'; നിയന്ത്രണം കടുപ്പിച്ച് ഇറാൻ; എണ്ണവില വർദ്ധിച്ചേക്കും

ഇറാൻ റെവല്യൂഷണറി ഗാർഡിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലായിരിക്കും പുതിയ പരിഷ്കാരങ്ങൾ നടപ്പിലാക്കുക.
Iran President Pezeshkian
ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ
Published on

ടെഹ്‌റാൻ: ലോകത്തിലെ ഏറ്റവും തന്ത്രപ്രധാനമായ എണ്ണക്കടത്ത് പാതയായ ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് കർശന നിയന്ത്രണവും പുതിയ നികുതി വ്യവസ്ഥയും ഏർപ്പെടുത്തി ഇറാൻ. പ്രതിദിനം നൂറിലധികം കപ്പലുകൾ സഞ്ചരിച്ചിരുന്ന ഈ പാതയിലൂടെ ഇനി മുതൽ 12 കപ്പലുകൾക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ എന്ന് ഇറാൻ നാവികസേന അറിയിച്ചു. ഇറാൻ റെവല്യൂഷണറി ഗാർഡിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലായിരിക്കും പുതിയ പരിഷ്കാരങ്ങൾ നടപ്പിലാക്കുക.

പുതിയ നികുതി വ്യവസ്ഥ ഇങ്ങനെ:

ഇറാൻ കടൽത്തീരത്തോട് ചേർന്നുള്ള പാത ഉപയോഗിക്കുന്ന എണ്ണക്കപ്പലുകൾ ഓരോ ബാരൽ എണ്ണയ്ക്കും ഒരു ഡോളർ വീതം നികുതി നൽകണം. ഇതനുസരിച്ച് വലിയ സൂപ്പർ ടാങ്കറുകൾക്ക് ഒരു വശത്തേക്ക് മാത്രമുള്ള യാത്രയ്ക്ക് ഏകദേശം 20 ലക്ഷം ഡോളർ (ഏകദേശം 18 കോടി രൂപ) വരെ നികുതി ഇനത്തിൽ ചിലവാകും. ഈ തുക ബിറ്റ്‌കോയിൻ പോലുള്ള ഡിജിറ്റൽ കറൻസികളായോ ചൈനീസ് യുവാനായോ മാത്രമേ സ്വീകരിക്കുകയുള്ളൂ എന്ന നിബന്ധനയും ഇറാൻ മുന്നോട്ടുവെച്ചിട്ടുണ്ട്.

നിബന്ധനകൾ ലംഘിച്ചാൽ കർശന നടപടി:

കപ്പലുകൾ തങ്ങളുടെ ചരക്ക് വിവരങ്ങൾ മുൻകൂട്ടി ഇ-മെയിൽ വഴി അധികൃതരെ അറിയിക്കണം. നികുതി അടയ്ക്കാൻ അനുവദിച്ച സമയം അതിക്രമിച്ചാൽ കപ്പലുകൾക്ക് പ്രവേശനം നിഷേധിക്കും. അനുമതിയില്ലാതെ കടലിടുക്കിലൂടെ കടന്നുപോകാൻ ശ്രമിക്കുന്ന കപ്പലുകൾ സൈനിക നടപടി നേരിടേണ്ടി വരുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. അതേസമയം, ഇറാന്റെ ഈ നീക്കത്തെ ഒമാൻ ശക്തമായി എതിർത്തു. അന്താരാഷ്ട്ര നിയമങ്ങൾ പ്രകാരം ഇത്തരം നികുതികൾ ഈടാക്കാൻ അനുവാദമില്ലെന്നാണ് ഒമാന്റെ നിലപാട്. നിലവിൽ നാനൂറോളം കപ്പലുകൾ ഈ കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്നത് ആഗോള എണ്ണ വിപണിയെ കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

Related Stories

No stories found.
Metro Australia
maustralia.com.au