
അനുമതിയില്ലാതെ ഉപയോഗശൂന്യമായ ഫോണുകളിൽ നിന്ന് ഡാറ്റകൾ ശേഖരിച്ചെന്ന് ചൂണ്ടിക്കാട്ടി ഗുഗിളിന് വൻ തുക പിഴ. 314 മില്യൺ ഡോളറാണ് കാലിഫോർണിയ കോടതി പിഴ ചുമത്തിയത്. കാലിഫോർണിയയിലെ വിവിധ ആൻഡ്രോയിഡ് ഉപഭോക്താക്കളുടെ അനുവാദമില്ലാതെ ഉപയോഗശൂന്യമായ ഫോണുകളിൽ നിന്ന് ഗൂഗിൾ ഡാറ്റ ശേഖരിക്കുകയും ഉപയോഗിക്കുകയും ചെയ്തുവെന്നാണ് കേസ്. വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് ഗൂഗിൾ അറിയിച്ചു.
2019-ൽ ആണ് കേസിന് ആസ്പദമായ സംഭവം. ശേഖരിച്ച ഡാറ്റകൾ പരസ്യങ്ങൾ ഉൾപ്പെടെയുള്ള മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിച്ചതായും, ഇതിനായി ഉപയോക്താക്കളുടെ സെല്ലുലാർ ഡാറ്റ ഉപയോഗിക്കുന്നതായുമാണ് ആരോപണം. 'വിധി ഈ കേസിലെ വാദങ്ങളെ ബലമായി ന്യായീകരിക്കുന്നതും ഗൂഗിളിന്റെ തെറ്റായ പെരുമാറ്റത്തിന്റെ ഗൗരവത്തെ പ്രതിഫലിപ്പിക്കുന്നതുമാണ്' എന്ന് വാദിഭാഗം അഭിഭാഷകൻ ഗ്ലെൻ സമ്മേഴ്സ് പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് ഗൂഗിൾ വക്താവ് ജോസ് കാസ്റ്റനേഡ പറഞ്ഞു. കമ്പനിയുടെ നിബന്ധനകളുടെയും സ്വകാര്യതാ നയങ്ങളുടെയും ഭാഗമായിട്ടാണ് ഉപയോക്താക്കൾ ഈ ഡാറ്റാ കൈമാറ്റങ്ങൾക്ക് സമ്മതം നൽകിയതെന്ന് ഗൂഗിൾ കോടതിയെ അറിയിച്ചു. ഈ രീതികൾ മൂലം ഒരു ആൻഡ്രോയിഡ് ഉപയോക്താക്കൾക്കും ദോഷം സംഭവിച്ചിട്ടില്ലെന്നും ഗൂഗിൾ അവകാശപ്പെട്ടു.