

ബെയ്ജിങ്: ചൈനയുടെ കുടുംബാസൂത്രണ കമ്മീഷനായിരുന്ന പെങ് പെയ്യൂണിന്റെ മരണത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനം. ചൈനയുടെ ഒറ്റക്കുട്ടി നയത്തിന്റെ തലപ്പത്തുണ്ടായിരുന്ന പെങ് പെയ്യൂണിന് ആദരാഞ്ജലിക്ക് പകരം വിമര്‍ശനങ്ങളാണ് ഉയരുന്നത്. 1988 മുതല്‍ 1998 വരെ ചൈനയുടെ കുടുംബാസൂത്രണ കമ്മീഷനായിരുന്ന പെങ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ മികച്ച നേതാവായിരുന്നുവെന്നാണ് ചൈനയുടെ ഔദ്യോഗിക മാധ്യമങ്ങളുടെ വിവരണം. എന്നാല്‍ 'ഇല്ലാതാക്കപ്പെട്ട കുട്ടികള്‍ നിങ്ങള്‍ക്കായി അവിടെ കാത്തിരിക്കുന്നുണ്ടാകും' എന്നാണ് ചൈനയുടെ ജനപ്രിയ മൈക്രോ ബ്ലോഗായ വെയ്‌ബോയില്‍ ഒരാള്‍ കുറിച്ചത്. ആ കുട്ടികള്‍ ജനിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ 40 വയസായിരുന്നേനെയെന്നും സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നു.
1980 മുതല്‍ 2015 വരെ നീണ്ടു നിന്ന ചൈനയുടെ, ഒരു ദമ്പതികള്‍ക്ക് ഒരു കുട്ടിയെന്ന ഉത്തരവ് ഒരുപാട് സ്ത്രീകളെ ഗര്‍ഭച്ഛിദ്രത്തിനും വന്ധ്യംകരണത്തിനും പ്രേരിപ്പിച്ചിരുന്നു. ഗ്രാമങ്ങളെ കേന്ദ്രീകരിച്ചായിരുന്നു പെങ് പ്രവര്‍ത്തിച്ചിരുന്നത്. വാര്‍ധക്യത്തിലെത്തുമ്പോള്‍ തങ്ങളെ പരിപാലിക്കുന്നതിനായി ദമ്പതികള്‍ ഒരുപാട് കുട്ടികൾക്ക് ജന്മം നൽകുന്ന പ്രവണത ചൈനയുടെ ഗ്രാമങ്ങളിലുണ്ടായിരുന്നു. കുടുംബപ്പേര് നിലനിര്‍ത്തുന്നതിനായി ആണ്‍കുട്ടികളെ പ്രസവിക്കുന്നതിനായിരുന്നു കൂടുതല്‍ പ്രാധാന്യം നല്‍കിയത്. അതുകൊണ്ട് തന്നെ പെണ്‍കുട്ടിയെയാണ് ഗര്‍ഭം ധരിക്കുന്നതെങ്കില്‍ ഗര്‍ഭഛിദ്രം നടത്തുന്നതും സ്വാഭാവികമായിരുന്നു. എന്നാല്‍ ഒറ്റക്കുട്ടി നയം ലഘൂകരിക്കണമെന്ന് പറഞ്ഞ് 2010കളോടെ പെങ് തന്റെ നിലപാടുകള്‍ പരസ്യമായി മാറ്റിയിരുന്നു.