
കഠ്മണ്ഡു: ദിവസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ മുന്‍ ചീഫ് ജസ്റ്റിസ് സുശീല കര്‍ക്കി നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. നേപ്പാളിന്റെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയാണ് സുശീല കർക്കി. രാജ്യത്ത് ചീഫ് ജസ്റ്റിസ് പദവിയിലെത്തിയ ആദ്യവനിത കൂടിയാണ് സുശീല കാര്‍ക്കി.
ജെൻ സി പ്രതിഷേധക്കാർ, പ്രസിഡന്റ് രാം ചന്ദ്ര പൗഡൽ, സൈനിക മേധാവി അശോക് രാജ് സിഗ്ഡൽ എന്നിവർ തമ്മിലുള്ള സമവായത്തെ തുടർന്നാണ് പ്രധാനമന്ത്രി പദത്തെ സംബന്ധിച്ച ധാരണയായതും കര്‍ക്കിയുടെ നേതൃത്വത്തിലുള്ള ഇടക്കല സര്‍ക്കാര്‍ അധികാരമേറ്റതും.
നേപ്പാളിലെ ആദ്യ വനിതാ പ്രധാനമന്ത്രിയായി ചരിത്രം സൃഷ്ടിക്കുന്ന സുശീല കാർക്കിക്ക് കാവൽ സർക്കാരിൽ ഒരു ചെറിയ മന്ത്രിസഭ ഉണ്ടാകുമെന്നും ആദ്യ യോഗം വെള്ളിയാഴ്ച രാത്രി തന്നെ നടക്കുമെന്നും വൃത്തങ്ങൾ അറിയിച്ചു. ഫെഡറൽ പാർലമെന്റും ഏഴ് പ്രവിശ്യാ പാർലമെന്റുകളും പിരിച്ചുവിടാൻ മന്ത്രിസഭ ശുപാർശ ചെയ്യാൻ സാധ്യതയുണ്ട്.
ചില സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ നിരോധനവും അഴിമതിക്കെതിരായ രോഷവും മൂലം ആരംഭിച്ച പ്രതിഷേധത്തിൽ നേപ്പാൾ സർക്കാരിന് അധികാരം നഷ്ടമായിരുന്നു.
നേപ്പാളിലെ ആദ്യത്തെ വനിതാ ചീഫ് ജസ്റ്റിസായിരുന്നു സുശീല കാർക്കി, 2016 നും 2017 നും ഇടയിൽ സേവനമനുഷ്ഠിച്ചു.