

ലണ്ടൻ: യൂറോപ്പിലുടനീളം യൂറോസ്റ്റാർ ട്രെയിൻ സർവീസുകൾ റദ്ദാക്കപ്പെട്ടു. വൈദ്യുതി വിതരണത്തിലെ തകരാറാണ് ട്രെയിൻ ഗതാഗതം പൂർണമായി തടസപ്പെടാൻ കാരണമായത്. ഇതോടെ ലണ്ടൻ, പാരീസ്, ആംസ്റ്റർഡാം, ബ്രസ്സൽസ് എന്നിവയ്ക്കിടയിൽ യാത്ര ചെയ്യാനിരുന്ന നൂറുകണക്കിന് യാത്രക്കാരും പുതുവത്സരാഘോഷത്തിനായി പുറപ്പെട്ടവരും വഴിയിൽ കുടുങ്ങി.
ചൊവ്വാഴ്ച (പ്രാദേശിക സമയം) ചാനൽ ടണലിൽ ഉണ്ടായ വൈദ്യുതി വിതരണ തടസ്സത്തെ തുടർന്ന് യാത്ര മാറ്റിവയ്ക്കണമെന്ന് യൂറോസ്റ്റാർ യാത്രക്കാരോട് ആവശ്യപ്പെട്ടു. ഓവർഹെഡ് പവർ സപ്ലൈ തകരാറും ലെ ഷട്ടിൽ ട്രെയിൻ തകരാറിലായതുമാണ് സർവീസ് റദ്ദാക്കാൻ കാരണമായതെന്ന് അധികൃതർ അറിയിച്ചു. ലെ ഷട്ടിൽ ട്രെയിനുകൾ ഇംഗ്ലണ്ടും ഫ്രാൻസും തമ്മിൽ വാഹനങ്ങൾ കടത്തുന്നതിനാണ് ഉപയോഗിക്കുന്നത്.
“ടിക്കറ്റ് ഉള്ളവർ മാത്രമേ സ്റ്റേഷനിലേക്ക് വരാവൂ. മറ്റുള്ളവർ യാത്ര മാറ്റിവയ്ക്കണം,” എന്ന് യൂറോസ്റ്റാർ അറിയിച്ചു.
സർവീസുകൾ പിന്നീട് പുനരാരംഭിക്കുമെന്ന് യൂറോസ്റ്റാർ അറിയിച്ചെങ്കിലും, വൈദ്യുതി പ്രശ്നം തുടരുന്നതിനാൽ യാത്ര മാറ്റിവയ്ക്കണമെന്ന് വീണ്ടും മുന്നറിയിപ്പ് നൽകി. ചാനൽ ടണൽ ഓപ്പറേറ്റർ ഗെറ്റ്‌ലിങ്ക്, ട്രെയിൻ ഗതാഗതം ക്രമേണ പുനസ്ഥാപിക്കുമെന്ന് അറിയിച്ചു.
സെന്റ് പാൻക്രാസ് സ്റ്റേഷനിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. യാത്ര റദ്ദാക്കിയതിൽ പ്രതിഷേധിച്ച് ചിലർ അസ്വസ്ഥരായതായും റിപ്പോർട്ടുണ്ട്. 2024ൽ മാത്രം ലെഷട്ടിൽ 22 ലക്ഷം വാഹനങ്ങളും 12 ലക്ഷം ട്രക്കുകളും ചാനൽ ടണലിലൂടെ കടത്തി. അതേസമയം, യൂറോസ്റ്റാർ 1.95 കോടി യാത്രക്കാരെ സേവിച്ചു.