യൂറോപ്യൻ കാറുകളുടെ നികുതി കൂട്ടി ട്രംപ്; ട്രൂത്ത് സോഷ്യലിലൂടെ പ്രഖ്യാപനം, യൂറോപ്പിന് തിരിച്ചടി

അമേരിക്കൻ മണ്ണിൽ പ്ലാന്റുകൾ സ്ഥാപിച്ച് വാഹനങ്ങൾ നിർമ്മിക്കുന്ന കമ്പനികൾക്ക് ഈ നികുതി ബാധകമായിരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

യൂറോപ്യൻ കാറുകളുടെ നികുതി കൂട്ടി ട്രംപ്
യൂറോപ്യൻ കാറുകളുടെ നികുതി കൂട്ടി ട്രംപ്
Published on

വാഷിംഗ്ടൺ ഡിസി: യൂറോപ്യൻ യൂണിയനിൽ നിന്നുള്ള കാറുകൾക്കും ട്രക്കുകൾക്കും ചുമത്തുന്ന ഇറക്കുമതി തീരുവ 25 ശതമാനമായി വർദ്ധിപ്പിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. നിലവിലുള്ള 15 ശതമാനത്തിൽ നിന്നാണ് ഈ വർദ്ധനവ്. യൂറോപ്യൻ യൂണിയനുമായുള്ള വ്യാപാര കരാറിലെ നിബന്ധനകൾ അവർ പാലിക്കുന്നില്ലെന്ന് ആരോപിച്ചാണ് ട്രംപ് ഇറക്കുമതി തീരുവ വർദ്ധിപ്പിച്ചത്. കാറുകൾക്കും ട്രക്കുകൾക്കും മേലുള്ള നികുതി 15-ൽ നിന്നും 25 ശതമാനമായാണ് ഉയർത്തുക. അമേരിക്കൻ മണ്ണിൽ പ്ലാന്റുകൾ സ്ഥാപിച്ച് വാഹനങ്ങൾ നിർമ്മിക്കുന്ന കമ്പനികൾക്ക് ഈ നികുതി ബാധകമായിരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കമ്പനികളെ അവരുടെ ഉൽപ്പാദനം വേഗത്തിൽ അമേരിക്കയിലേക്ക് മാറ്റാൻ നിർബന്ധിക്കുകയാണ് ഈ നീക്കത്തിന്റെ ലക്ഷ്യം.

ട്രംപിന്റെ ഈ ഏകപക്ഷീയമായ തീരുമാനത്തിനെതിരെ യൂറോപ്യൻ യൂണിയൻ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി. അമേരിക്ക വിശ്വസിക്കാൻ കൊള്ളാത്ത വ്യാപാര പങ്കാളിയാണെന്ന് യൂറോപ്യൻ പാർലമെന്റിന്റെ വ്യാപാര സമിതി അധ്യക്ഷൻ ബെർൺഡ് ലാഞ്ച് വിമർശിച്ചു. ജർമ്മൻ ചാൻസലർ ഫ്രീഡ്രിക്ക് മെർസുമായി (Friedrich Merz) ഇറാൻ യുദ്ധത്തെച്ചൊല്ലി ട്രംപ് തർക്കത്തിലായതിന് തൊട്ടുപിന്നാലെയാണ് ഈ പുതിയ നീക്കം. ഇറാൻ വിഷയത്തിൽ ഇടപെടാതെ ഉക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ മെർസ് ശ്രദ്ധിക്കണമെന്നും ട്രംപ് പരിഹസിച്ചു.

സൈന്യത്തെ പിൻവലിക്കുമെന്ന് ഭീഷണി:

വ്യാപാര തർക്കത്തിന് പുറമെ സൈനിക തലത്തിലും യൂറോപ്പിനെ സമ്മർദ്ദത്തിലാക്കുകയാണ് വൈറ്റ് ഹൗസ്. ഇറാൻ യുദ്ധത്തിൽ തങ്ങളെ സഹായിക്കാത്ത ഇറ്റലി, സ്പെയിൻ എന്നീ രാജ്യങ്ങളിൽ നിന്നും യുഎസ് സൈന്യത്തെ പിൻവലിക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കി. ജർമ്മനിയിൽ നിന്നും സൈനികരുടെ എണ്ണം കുറയ്ക്കുന്ന കാര്യം പരിഗണനയിലാണെന്ന് കഴിഞ്ഞ ദിവസം അദ്ദേഹം പറഞ്ഞിരുന്നു. നിലവിൽ 36,000-ത്തിലധികം യുഎസ് സൈനികർ ജർമ്മനിയിലും ആയിരക്കണക്കിന് പേർ ഇറ്റലിയിലും സ്പെയിനിലും സേവനമനുഷ്ഠിക്കുന്നുണ്ട്.

Metro Australia
maustralia.com.au