

വാഷിംഗ്ടൺ: ലോകത്തിലെ നിർണ്ണായക എണ്ണ വ്യാപാര പാതയായ ഹോർമുസ് കടലിടുക്കിനെച്ചൊല്ലി അമേരിക്കയും ഇറാനും തമ്മിലുള്ള വാക്പോര് രൂക്ഷമാകുന്നു. ഇറാനെതിരായ യുദ്ധവിജയത്തിന് ശേഷം ഹോർമുസ് കടലിടുക്കിനെ യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ സ്വന്തം ഭൂപ്രദേശമായി പ്രഖ്യാപിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് വ്യക്തമാക്കി. ന്യൂയോർക്കിലെ ഗാർഡൻ സിറ്റിയിൽ സംഘടിപ്പിച്ച രാഷ്ട്രീയ റാലിയിലാണ് ട്രംപ് ഈ വിവാദ പരാമർശം നടത്തിയത്.
ട്രംപിന്റെ പ്രസ്താവനയെ 'ദിവാസ്വപ്നം' എന്ന് വിശേഷിപ്പിച്ച ഇറാൻ വിദേശകാര്യ ഉപമന്ത്രി കാസിം ഗരീബാബാദി, ഒരു സോഷ്യൽ മീഡിയ പോസ്റ്റിലൂടെയോ എയർക്രാഫ്റ്റ് കാരിയറുകൾ കൊണ്ടോ ഹോർമുസ് പിടിച്ചെടുക്കാനാകില്ലെന്ന് ആഞ്ഞടിച്ചു. ഇറാൻ കമാൻഡിന് കീഴിൽ മാത്രമേ കടലിടുക്ക് തുറക്കുകയോ അടയ്ക്കുകയോ ചെയ്യുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിസന്ധി രൂക്ഷമായതോടെ ആഗോള വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 90 ഡോളറിലേക്ക് അടുക്കുകയാണ്. ഇറാനെ ആണവായുധം നേടുന്നതിൽ നിന്ന് തടയുന്നതിനുള്ള സ്വാഭാവിക വിലയായി ഇന്ധനവില വർദ്ധനവിനെ അമേരിക്കക്കാർ കാണണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. അതേസമയം, മേഖലയിൽ മാസങ്ങളായി വിന്യസിച്ചിരിക്കുന്ന യുഎസ്എസ് എബ്രഹാം ലിങ്കൺ വിമാനവാഹിനിക്കപ്പലിലെ നാവികരുടെ മാനസികാരോഗ്യ പ്രശ്നങ്ങളെയും സേവന കാലാവധി നീട്ടിയതിനെയും ചൊല്ലി പെന്റഗണിനെതിരെയും ട്രംപ് ഭരണകൂടത്തിനെതിരെയും അമേരിക്കൻ രാഷ്ട്രീയത്തിൽ വിമർശനം ശക്തമായിട്ടുണ്ട്.