

പ്രമുഖ ടെക് കമ്പനിയായ മെറ്റ എഐ ഡാറ്റ സെന്‍ററുകൾ നിർമ്മിക്കാൻ ആവശ്യമായ പ്രാവീണ്യമുള്ള തൊഴിലാളികളുടെ കുറവ് എന്ന വെല്ലുവിളിക്ക് പരിഹാരമായി കമ്പനി 'ലെവൽഅപ്പ്' (LevelUp) എന്ന പേരിൽ പുതിയ പരിശീലന പദ്ധതി അവതരിപ്പിച്ചു. മുമ്പ് യാതൊരു സാങ്കേതിക പരിചയവുമില്ലാത്തവർക്കുപോലും ഡാറ്റ സെന്‍റർ നിർമ്മാണ മേഖലയിലേക്ക് കടക്കാൻ അവസരം നൽകുന്നതാണ് ഈ പദ്ധതി. സിബിആർഇ (CBRE) എന്ന സ്ഥാപനവുമായി സഹകരിച്ചാണ് നാല് ആഴ്ച ദൈർഘ്യമുള്ള ഈ പരിശീലന പരിപാടി മെറ്റ സംഘടിപ്പിക്കുന്നത്. പരിശീലനത്തിൽ പങ്കാളികൾക്ക് ഫൈബർ ടെക്‌നീഷ്യൻമാരായി ജോലി ചെയ്യാൻ ആവശ്യമായ അടിസ്ഥാന സാങ്കേതിക കഴിവുകൾ നൽകും. ചര്‍ച്ചകള്‍, പ്രായോഗിക പരിശീലന ലാബുകള്‍, ടീം പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ സമന്വയത്തിലൂടെയാണ് പരിശീലനം നടത്തുന്നത്.
പരീശീലന പരിപാടി പൂർണ്ണമായും സൗജന്യമാണ്. കൂടാതെ ഹൈസ്‍കൂൾ പാസായവർക്കും കരിയർ മാറ്റം ആഗ്രഹിക്കുന്ന പ്രൊഫഷണലുകൾ ഉൾപ്പെടെ എല്ലാവർക്കും അപേക്ഷിക്കാം. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് മെറ്റയുടെ കോൺട്രാക്‌ടർ നെറ്റ്‌വര്‍ക്കിലൂടെ അമേരിക്കയിലെ വിവിധ നിർമ്മാണ സൈറ്റുകളിൽ ജോലി ലഭിക്കാനുള്ള സാധ്യതയുണ്ട്. നിലവിൽ മെറ്റ അമേരിക്കയിൽ 27 ഡാറ്റ സെന്‍ററുകൾ പ്രവർത്തിപ്പിക്കുകയോ നിർമ്മിക്കുകയോ ചെയ്യുന്നു. പരിശീലനത്തിന്‍റെ ആദ്യ ബാച്ച് ഈ വേനൽക്കാലത്ത് ആരംഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.