
വത്തിക്കാൻ സിറ്റി: 'ഗോഡ്സ് ഇൻഫ്ലുവൻസർ' എന്നറിയപ്പെടുന്ന കാർലോ അക്യൂട്ടിസിനെ വിശുദ്ധനായി പ്രഖ്യാപിച്ചു. ലിയോ പതിനാലാമൻ മാർപാപ്പയാണ് വിശുദ്ധനായി പ്രഖ്യാപിച്ചത്. ഇതോടെ മില്ലെനിയൽ കാലത്ത് (1981–96) ജനിച്ച ആദ്യ വിശുദ്ധനാകും കാർലോ. 1925-ൽ അന്തരിച്ച ഇറ്റാലിയൻ പർവതാരോഹകൻ പിയർ ജോർജിയോ ഫ്രസാറ്റിയെ പർവതാരോഹകരുടെ വിശുദ്ധനായും പ്രഖ്യാപിച്ചു. 2006 ല്‍ 15 വയസ്സുള്ളപ്പോള്‍ രക്താര്‍ബുദം ബാധിച്ച് മരിച്ച കമ്പ്യൂട്ടര്‍ വിദഗ്ധനായ കാര്‍ലോ അക്യുട്ടിസ്. ആയിരക്കണക്കിന് ആളുകളാണ് അദ്ദേഹത്തിന്റെ എംബാം ചെയ്ത ശരീരം കാണാനായി എത്തുന്നത്. അക്യൂട്ടിസിനെ വിശുദ്ധനായി പ്രഖ്യാപിക്കുന്ന ചടങ്ങ് കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ നടത്താനാണ് തീരുമാനിച്ചിരുന്നത്. ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ വിയോഗത്തെ തുടര്‍ന്നാണ് പ്രഖ്യാപനം മാറ്റി വെച്ചത്.
1991-ല്‍ ലണ്ടനില്‍ ജനിച്ച അക്യുട്ടിസിന് തീക്ഷ്ണമായ വിശ്വാസമാണ് ഉണ്ടായിരുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ പ്രത്യേകിച്ച് വിശ്വാസികള്‍ അല്ലായിരുന്നു. വടക്കന്‍ നഗരമായ മിലാനിലാണ് അദ്ദേഹം വളര്‍ന്നത്. അവിടെ അദ്ദേഹം ദിവസവും കുര്‍ബാനയില്‍ പങ്കെടുത്തിരുന്നു. ഭീഷണി നേരിടുന്ന കുട്ടികളോടും വീടില്ലാത്തവരോടും ദയ കാണിക്കുന്നതില്‍ ഇദ്ദേഹം ഏറെ ഖ്യാതി നേടിയിരുന്നു. കമ്പ്യൂട്ടര്‍ ഗെയിമുകളുടെ ആരാധകനായ അക്യുട്ടിസ് കത്തോലിക്കാ വിശ്വാസത്തിന്റെ അത്ഭുതങ്ങളും മറ്റ് ഘടകങ്ങളും ഓണ്‍ലൈനില്‍ രേഖപ്പെടുത്താന്‍ അത് ഉപയോഗിക്കുകയും ചെയ്തു. കുടുംബം മതവിശ്വാസികളല്ലായിരുന്നിട്ടും, ചെറുപ്പം മുതലേ തന്റെ മകന് ദൈവവുമായി ഒരു പ്രത്യേക ബന്ധം ഉണ്ടായിരുന്നതായി അമ്മ അന്റോണിയ സല്‍സാനോ വെളിപ്പെടുത്തി. ഏഴു വയസ്സുള്ളപ്പോള്‍ അക്യുട്ടിസ് എഴുതിയത് തന്റെ ജീവിത പദ്ധതി എപ്പോഴും യേശുവിനോട് അടുത്തിരിക്കുക എന്നായിരുന്നു.
2006 ഒക്ടോബറിലാണ് അക്യൂട്ടിസിന് രക്താര്‍ബുദം ഉണ്ടെന്ന് കണ്ടെത്തിയത്. രോഗനിര്‍ണയം നടത്തിയിട്ടും, കാര്‍ലോ തന്റെ മാതാപിതാക്കളെ ആശ്വസിപ്പിച്ചത് ദൈവത്തിന് ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ ചെയ്യുന്നതില്‍ ഒരു നിമിഷം പോലും ചെലവാക്കാത്ത തനിക്ക് മരിക്കുന്നതില്‍ വിഷമമില്ല എന്നായിരുന്നു. രോഗം കണ്ടെത്തിയ അതേ മാസം 12 ന് അദ്ദേഹം മരിച്ചു. മരണശേഷം അക്യുട്ടിസ് രണ്ട് അത്ഭുതങ്ങള്‍ ചെയ്തതായി വത്തിക്കാന്‍ അംഗീകരിച്ചിട്ടുണ്ട്. വിശുദ്ധ പദവിയിലേക്കുള്ള മാര്‍ഗ്ഗത്തിലെ ഒരു അനിവാര്യമായ ചുവടുവയ്പ്പായിരുന്നു ഇത്. ആദ്യത്തേത് അപൂര്‍വമായ പാന്‍ക്രിയാറ്റിക് വൈകല്യത്താല്‍ ബുദ്ധിമുട്ടുന്ന ഒരു ബ്രസീലിയന്‍ കുട്ടിയുടെ രോഗശാന്തിയായിരുന്നു. രണ്ടാമത്തേത് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഒരു കോസ്റ്റാറിക്കന്‍ വിദ്യാര്‍ത്ഥിയുടെ സുഖം പ്രാപിക്കലുമായിരുന്നു. രണ്ട് സാഹചര്യങ്ങളിലും അക്യൂട്ടിസില്‍ നിന്ന് ബന്ധുക്കള്‍ സഹായത്തിനായി പ്രാര്‍ത്ഥിച്ചിരുന്നു.