വയനാട് മുൻ ഡിസിസി ട്രഷറർ എൻ എം വിജയന്റെ സാമ്പത്തിക ബാധ്യത തീർത്ത് കെപിസിസി

ബത്തേരി അർബൻ ബാങ്കിലുണ്ടായിരുന്ന കുടിശ്ശികയായ 63 ലക്ഷത്തോളം രൂപയാണ് കെപിസിസി അടച്ചു തീർത്തത്.
എൻ എം വിജയൻ
എൻ എം വിജയൻ
Published on

കൽപറ്റ: ജീവനൊടുക്കിയ വയനാട് മുൻ ഡിസിസി ട്രഷറർ എൻ എം വിജയന്റെ സാമ്പത്തിക ബാധ്യത തീർത്ത് കെപിസിസി. ബത്തേരി അർബൻ ബാങ്കിലുണ്ടായിരുന്ന കുടിശ്ശികയായ 63 ലക്ഷത്തോളം രൂപയാണ് കെപിസിസി അടച്ചു തീർത്തത്. നേരത്തെ 20 ലക്ഷം കുടുംബത്തിന് നൽകിയിരുന്നു. എന്നാൽ ഇത്തരമൊരു വിവരം അറിഞ്ഞിട്ടില്ലെന്നാണ് എൻ എം വിജയന്റെ കുടുംബം പ്രതികരിച്ചത്. ഡിസംബർ 25-നാണ് ഡിസിസി ട്രഷറർ ആയിരുന്ന എൻ എം വിജയനെയും മകൻ ജിജേഷിനെയും വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ 27-ന് ഇരുവരും മരിച്ചു. ഇതിന് ശേഷം പുറത്തുവന്ന എൻ എം വിജയന്റെ ആത്മഹത്യാ കുറിപ്പും അനുബന്ധ തെളിവുകളുമാണ് കോൺഗ്രസ് നേതാക്കളെ വെട്ടിലാക്കിയത്. ഐ സി ബാലകൃഷ്ണൻ, എൻ ഡി അപ്പച്ചൻ, കെ കെ ഗോപിനാഥൻ, പി വി ബാലചന്ദ്രൻ എന്നിവരുടെ പേരുകളടക്കം വിജയൻ കത്തിൽ പരാമർശിച്ചിരുന്നു.

അതേസമയം കോൺഗ്രസിനെതിരെ രൂക്ഷ വിമർശനമാണ് മുമ്പ് എൻ എം വിജയന്റെ കുടുംബം ഉയർത്തിയത്. നേതാക്കൾ പറഞ്ഞ് പറ്റിച്ചുവെന്ന് മരുമകൾ പത്മജ പറഞ്ഞിരുന്നു. എൻ എം വിജയന്റെ എല്ലാ ബാധ്യതകളും തീർക്കുമെന്ന് പറഞ്ഞതല്ലേയെന്നും അവർ ചോദിച്ചിരുന്നു. ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് കെപിസിസിയുടെ നിർണായക ഇടപെടലെന്നതും ശ്രദ്ധേയമാണ്.എൻ എം വിജയന്റെ കുടുംബത്തിന് നീതി ഉറപ്പാക്കാൻ പരമാവധി ഇടപെട്ടിരുന്നുവെന്ന് വിവാദങ്ങൾക്കിടെ ടി സിദ്ധിഖ് എംഎൽഎ പ്രതികരിച്ചിരുന്നു. പറഞ്ഞ കാര്യങ്ങൾ പാർട്ടി പാലിക്കില്ലെന്ന് എൻ എം വിജയന്റെ കുടുംബത്തിന് തോന്നലുണ്ടെന്നും അതുകൊണ്ട് താൻ മുൻകൈ എടുത്ത് കരാറെഴുതിയിരുന്നെന്നും സിദ്ധിഖ് വ്യക്തമാക്കിയിരുന്നു. പാർട്ടി ഒരാളെയും ചതിച്ചിട്ടില്ലെന്നും കുടുംബത്തോടുളള തുടർസമീപനം പാർട്ടി നേതൃത്വം പറയുമെന്നും സിദ്ധിഖ് പറഞ്ഞിരുന്നു.

Related Stories

No stories found.
Metro Australia
maustralia.com.au