വിപ്ലവ നക്ഷത്രം വി.എസ് ഇനി ഓർമ്മ

വിപ്ലവ നക്ഷത്രം വി.എസ് ഇനി ഓർമ്മ
Published on

തിരുവനന്തപുരം: രാഷ്ട്രീയ കേരളത്തിന്റെ ചരിത്രത്തിലെ കെടാ വിളക്ക് വി.എസ് അച്യുതാനന്ദൻ ഇനി ഓർമ. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പുന്നപ്ര-വയലാർ സമരനായകൻ, ഏറ്റവും തലമുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവായി, ഒരു വ്യാഴവട്ടത്തോളം പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയായി, പതിറ്റാണ്ടുകളോളം രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന വി.എസ്. (101) അന്തരിച്ചു.

മുഖ്യമന്ത്രിസ്ഥാനമൊഴിഞ്ഞ ശേഷം വാർധക്യസഹജമായ അവശതകളുമായി വിശ്രമജീവിതം നയിച്ചുവന്ന വി.എസിനെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ജൂൺ 23-ന് തിരുവനന്തപുരം എസ്.യു.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.20-ഓടെയായിരുന്നു അന്ത്യം. ഭാര്യ വസുമതിയും മക്കളായ വി.എ. അരുൺകുമാറും വി.വി. ആശയും മരണസമയത്ത് ഒപ്പമുണ്ടായിരുന്നു.

സി.പി.എമ്മിന്റെ രൂപീകരണത്തിൽ പങ്കാളിയായവരിൽ ജീവനോടെ ഉണ്ടായിരുന്നവരിൽ അവസാനത്തെ കണ്ണിയായിരുന്നു വി.എസ്. 2006 മുതൽ 2011 വരെ മുഖ്യമന്ത്രിയായിരുന്ന വി.എസ് മൂന്ന് തവണയായി പതിനഞ്ച് വർഷം പ്രതിപക്ഷ നേതാവായിരുന്നു. ഏഴു തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1985 മുതൽ 2009 വരെ പാർട്ടിയുടെ പോളിറ്റ്ബ്യൂറോ അംഗമായിരുന്നു. പിന്നീട് വിഭാഗീയതയുടെ പേരിൽ പിണറായി വിജയനൊപ്പം പി.ബിയിൽ നിന്ന് തരംതാഴ്ത്തപ്പെടുകയും ചെയ്തു. 1980 മുതൽ 92 വരെ സി.പി. എം. സംസ്ഥാന സെക്രട്ടറിയായിരുന്നു. മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞശേഷം 2016 മുതൽ 21 വരെ ഭരണപരിഷ്കാര കമ്മീഷന്റെ ചെയർമാനായി പ്രവർത്തിച്ചു.

ആലപ്പുഴ ജില്ലയിലെ പുന്നപ്രയിൽ 1923 ഒക്ടോബർ 20 ന് ശങ്കരന്റെയും അക്കമ്മയുടെ മകനായിട്ട് വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ എന്ന വി.എസിൻ്റെ ജനനം. അച്ഛന്റെയും അമ്മയുടെയും മരണത്തെ തുടർന്ന് ഏഴാം ക്ലാസിൽ വിദ്യാഭ്യാസം അവസാനിപ്പിച്ചാണ് വി.എസ് തൊഴിലാളികൾക്കിടയിലെത്തുന്നത്. തിരുവിതാംകൂറിൽ ഭരണപരിഷ്കാരത്തിന് വേണ്ടി നടന്ന നിവർത്തന പ്രക്ഷോഭത്തിലൂടെയാണ് രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. പ്രക്ഷോഭത്തിന്റെ ഭാഗമായി അദ്ദേഹം 1938-ൽ സ്റ്റേറ്റ് കോൺഗ്രസിൽ അംഗമായി. പിന്നീട് തൊഴിലാളി സംഘടനകളിലേക്കും പുരോഗമന പ്രസ്ഥാനങ്ങളിലേക്കും തന്റെ പ്രവർത്തനംവിപുലമാക്കിയ വി.എസ്. 1940-ലാണ് കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമാകുന്നത്.

പി.കൃഷ്ണപിള്ളയാണ് വി.എസിന്റെ രാഷ്ട്രീയഗുരു. ആലപ്പുഴയിലെ കർഷക തൊഴിലാളികളുടെ അവകാശം സംരക്ഷിക്കുന്നതിനുള്ള പ്രക്ഷോഭങ്ങളിലും സ്വാതന്ത്ര്യ സമരത്തിന്റെയും ഭാഗമായി. 1946-ൽ നടന്ന പുന്നപ്ര-വയലാർ പ്രക്ഷോഭമായിരുന്നു ആ രാഷ്ട്രീയ ജീവിതത്തിലെ നാഴികക്കല്ല്. 1957-ൽ കേരളത്തിൽ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിലെത്തുമ്പോൾ പാർട്ടി സംസ്ഥാന സമിതി അംഗമായിരുന്നു വി.എസ്. ആ സമിതിയിലെ ഒമ്പത് അംഗങ്ങളിൽ ഏറ്റവും ഒടുവിലെ വ്യക്തിയായിരുന്നു അദ്ദേഹം.

അമ്പലപ്പുഴ മണ്ഡലത്തിൽ 1965-ലായിരുന്നു വി. എസിന്റെ ആദ്യത്തെ തിരഞ്ഞെടുപ്പ് പോരാട്ടം. പക്ഷേ, കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന കെ.എസ്. കൃഷ്ണക്കുറുപ്പിനോട് പരാജയപ്പെട്ടു. എന്നാൽ, രണ്ടുവർഷം കഴിഞ്ഞ് 1967-ൽ കോൺഗ്രസിലെ തന്നെ എ.അച്യുതനെ 9515 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് അദ്ദേഹം ആദ്യമായി നിയമസഭയിലെത്തി. ഈ വിജയം 1970-ലും ആവർത്തിച്ചു. എന്നാൽ, 1977ൽ വി.എസ് വീണ്ടും പരാജയപ്പെട്ടു. 77-ലെ പരാജയത്തിന് ശേഷം, 1991-ൽ മാരാരിക്കുളം മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായ ഡി.സുഗതനെ 9980 വോട്ടിന് പരാജയപ്പെടുത്തി വി.എസ് തിരഞ്ഞെടുപ്പ് രംഗത്തേക്ക് മടങ്ങിയെത്തി. എന്നാൽ, 1996-ൽ പാർട്ടിക്കുള്ളിലെ വിമത നീക്കത്തെ തുടർന്ന് ഈ മണ്ഡലത്തിൽ തന്നെ വി.എസ് പരാജയപ്പെടുകയായിരുന്നു. ഈ തോൽവിയിൽ നിന്ന് ഊർജമുൾക്കൊണ്ട വി.എസ്. പാർട്ടിക്കുള്ളിൽ കൂടുതൽ ശക്തനായി മാറി.

2001-ൽ സിപിഎമ്മിന്റെ ഉറച്ച കോട്ടയെന്ന് വിശേഷിപ്പിക്കുന്ന പാലക്കാട് മലമ്പുഴയിലാണ് വി.എസ് ജനവിധി തേടിയത്. ഇടതുപക്ഷത്തിന് അഞ്ചക്കത്തിന് മുകളിൽ ഭൂരിപക്ഷം സമ്മാനിച്ചിരുന്ന ഈ മണ്ഡലത്തിൽ വി.എസിന്റെ ഭൂരിപക്ഷം 4703-ൽ ഒതുങ്ങി. 2006-ൽ ഇതേ മണ്ഡലത്തിൽ വിഎസ് ഭൂരിപക്ഷം 20,017 ആയി ഉയർത്തിയിരുന്നു. പല തവണ നിയമസഭയിൽ എത്തിയിട്ടും അധികാര സ്ഥാനങ്ങൾ വി.എസിന് ഏറെ അകലെയായിരുന്നു. എന്നാൽ, 2006-ൽ എൽഡിഎഫ് വൻഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുകയും, വി.എസിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുകയുമായിരുന്നു. കേരളത്തിലെ ഏറ്റവും പ്രായം ചെന്ന മുഖ്യമന്ത്രിയായിരുന്നു അന്ന് എൺപത്തിരണ്ട് വയസ്സുള്ള വി.എസ്.

2011ൽ വി.എസ്. വീണ്ടും മലമ്പുഴയിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ടെങ്കിലും അത്തവണ എൽഡിഎഫ് പ്രതിപക്ഷത്തായിരുന്നു. 2016ൽ എൽഡിഎഫ് ഭരണത്തിൽ തിരിച്ചു വരികയും വി.എസ്. മലമ്പുഴയിൽ നിന്നു വിജയം ആവർത്തിക്കുകയും ചെയ്തെങ്കിലും മുഖ്യമന്ത്രിയായത് പിണറായി വിജയൻ ആയിരുന്നു. അനുരഞ്ജനം എന്ന നിലയിൽ വി.എസിനെ പിന്നീട് ഭരണപരിഷ്കരണ കമ്മീഷന്റെ ചെയർമാനാക്കി. പ്രായാധിക്യത്തെയും അനാരോഗ്യത്തെയും തുടർന്ന് 2021ലെ തിരഞ്ഞെടുപ്പിൽ മത്സരരംഗത്തില്ലായിരുന്ന വി.എസ്.

അതേസമയം മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തെ തുടർന്ന് സംസ്ഥാനത്ത് ചൊവ്വാഴ്ച പൊതുഅവധി പ്രഖ്യാപിച്ചു. സ്‌കൂൾ, കോളേജ് ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാനപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്ക് അവധി ബാധകമാണ്. പൊതുമേഖലാ സ്ഥാപനങ്ങൾക്കും, സ്റ്റാറ്റൂട്ടറി സ്ഥാപനങ്ങൾക്കും സ്വയംഭരണ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. വി.എസിൻറ നിര്യാണത്തെ തുടർന്ന് സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണവും പ്രഖ്യാപിച്ചു. പ്രസ്തുത കാലയളവിൽ സംസ്ഥാനം ഒട്ടാകെ ദേശീയപതാക താഴ്ത്തി കെട്ടണമെന്ന് സർക്കാർ ഉത്തരവിൽ പറയുന്നു.

Metro Australia
maustralia.com.au