
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭ ബിജെപി കൗൺസിലർ തിരുമല അനിലിന്റെ ആത്മഹത്യയിൽ അസ്വാഭാവിക മരണത്തിന് പൂജപ്പുര പൊലീസ് കേസെടുത്തു. ശനിയാഴ്ച രാവിലെയാണ് അനിലിനെ ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്നലെ രാവിലെയായിരുന്നു ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കൂടിയായ അനിലിനെ തിരുമലയിലെ ഓഫീസില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആറ് കോടിയോളം രൂപ നിക്ഷേപകര്‍ക്ക് നല്‍കാനുണ്ടെന്ന് അനില്‍ വ്യക്തമാക്കുന്ന ഒരു കുറിപ്പ് പൊലീസിന് ലഭിച്ചതായാണ് വിവരം. വായ്പ നല്‍കിയ പതിനൊന്ന് കോടിയോളം രൂപ തിരികെ ലഭിക്കാനുണ്ടെന്നും പണം നിക്ഷേപകര്‍ക്ക് തിരികെ നല്‍കണമെന്നും കുറിപ്പിലുണ്ട്. താനും കുടുംബവും ഒറ്റപ്പൈസ പോലും എടുത്തിട്ടില്ല. തന്നെ ഒറ്റപ്പെടുത്തിയതായും അനില്‍ കുറിപ്പില്‍ പറയുന്നതായാണ് വിവരം. രണ്ടാഴ്ച മുന്‍പ് അനില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെ കണ്ട് സഹകരണ സംഘത്തിലെ സാമ്പത്തിക ബാധ്യതകളെക്കുറിച്ച് പറഞ്ഞിരുന്നതായി വിവരം പുറത്തുവന്നിരുന്നു. അനിലുമായി കൂടിക്കാഴ്ച നടത്തിയ വിവരം രാജീവ് ചന്ദ്രശേഖര്‍ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
അനിലിന്റെ മരണത്തില്‍ ജില്ലാ ഫാം ടൂര്‍ സഹകരണ സംഘം തട്ടിപ്പില്‍ ബിജെപി നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം രംഗത്തെത്തിയിരുന്നു. തിരുവനന്തപുരം ഫാം ടൂര്‍ സഹകരണ സംഘത്തില്‍ ഉണ്ടായ സാമ്പത്തിക ക്രമക്കേടാണ് മരണത്തിലേക്ക് വഴി വച്ചതെന്ന് അനിലിന്റെ ആത്മഹത്യാ കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ടെന്നും ആരാണ് സഹകരണ സംഘത്തില്‍ സാമ്പത്തിക തിരിമറി നടത്തിയതെന്ന വിവരങ്ങള്‍ പുറത്തുവരേണ്ടതുണ്ടെന്നും സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞിരുന്നു.