
തിരുവനന്തപുരം കഴക്കൂട്ടത്തെ പൊലീസ് ഉദ്യോഗസ്ഥന്റെ മരണത്തിൽ ദുരൂഹത ഉണ്ടെന്ന് കുടുംബം. ആറുകോടിയുടെ അഴിമതിക്ക് കൂട്ടുനിൽക്കാൻ മകന് ജെയ്സൺ അലക്സിന് സമ്മർദ്ദം ഉണ്ടായെന്നും അഴിമതിക്ക് വഴങ്ങാത്തതിൽ വൈരാഗ്യത്തോടെ മേൽ ഉദ്യോഗസ്ഥർ പെരുമാറിയെന്നും മാതാവ് ജമ്മ അലക്സാണ്ടർ പറഞ്ഞു. ഭാര്യ സോമി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകും.പോലീസ് വയർലെസ് ഇടപാടിലാണ് അഴിമതി ആരോപണം.
തിരുവനന്തപുരം കന്റോണ്മെന്റ് സ്റ്റേഷനിൽ പ്രവർത്തിക്കുന്ന പൊലീസ് ടെലി കമ്മ്യൂണിക്കേഷൻ വിഭാഗത്തിലെ സർക്കിൾ ഇൻസ്‌പെക്ടർ ആയ ജയ്‌സൺ അലക്‌സിനെ രാവിലെ പത്തുമണിയോടെ ചെങ്കോട്ടുകോണത്തെ വീടിനുള്ളിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ജെയ്‌സന്റേത് ആത്മഹത്യയെന്ന് തന്നെയാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.