

തിരുവനന്തപുരം: ഓസ്‌ട്രേലിയയിൽ ജോലി വാഗ്ദാനം ചെയ്ത് ദമ്പതികളിൽ നിന്ന് 15.8 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ. തൃശൂർ സ്വദേശി ഷഫീഖ് (49), മലപ്പുറം സ്വദേശി ഷഫ്ന (32) എന്നിവരെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്. വിഴിഞ്ഞം സ്വദേശിനിയായ അജിത നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഓസ്‌ട്രേലിയയിലെ സൂപ്പർമാർക്കറ്റിൽ ജോലി വാഗ്ദാനം ചെയ്ത് അജിതയെയും ഭർത്താവ് അലക്സിനെയും സമീപിച്ച പ്രതികൾ വിവിധ ഘട്ടങ്ങളിലായി 15.8 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് പൊലീസ് പറയുന്നത്. ഇരുവരും 7.9 ലക്ഷം രൂപ വീതം ബാങ്ക് വഴി കൈമാറിയിരുന്നു. ബന്ധുവിൽ നിന്ന് ലഭിച്ച ഫോൺ നമ്പർ വഴിയാണ് ദമ്പതികൾ പ്രതികളെ ബന്ധപ്പെട്ടത്. പണം നൽകിയ ശേഷമാണ് തട്ടിപ്പിനിരയായതായി മനസ്സിലായത്. തുടർന്ന് പണം തിരികെ ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ലെന്നാണ് പരാതി.
കേസിലെ പ്രതിയായ ഷഫ്ന കൊണ്ടോട്ടിയിൽ ‘പ്ലാനറ്റ് ആൻഡ് ടൂർസ്’ എന്ന റിക്രൂട്ട്മെന്റ്, ട്രാവൽ ഏജൻസി നടത്തുന്നതായും ഷഫീഖ് ഇവിടെ ജോലി ചെയ്തിരുന്നതായും പൊലീസ് പറഞ്ഞു. പരാതിക്കാരിയുടെ മറ്റൊരു ബന്ധുവിൽ നിന്ന് ലണ്ടനിൽ ജോലി വാഗ്ദാനം ചെയ്ത് അഞ്ച് ലക്ഷത്തിലധികം രൂപയും ഇതേ സംഘം കൈപ്പറ്റിയതായി പൊലീസ് കണ്ടെത്തി. വിദേശ ജോലി വാഗ്ദാനം ചെയ്ത് കൂടുതൽ പേരെ തട്ടിപ്പിനിരയാക്കിയിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ എസ്‌എച്ച്ഒ കെ. ഹേമന്ത് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. എസ്‌ഐ പ്രശാന്തും സംഘവും ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.