കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, 'പ്രിയദർശിനി' ജൂൺ 15 മുതൽ

ആദ്യത്തെ 100 ദിവസങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ കെഎസ്ആർടിസിയുടെ ഓർഡിനറി ബസുകളിൽ മാത്രമായിരിക്കും ഈ സൗജന്യ സേവനം ലഭ്യമാകുക
വി.ഡി. സതീശൻ
വി.ഡി. സതീശൻ
Published on

തിരുവനന്തപുരം: സംസ്ഥാനത്തെ വനിതകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും കെഎസ്ആർടിസി ബസുകളിൽ പ്രായഭേദമന്യേ സൗജന്യ യാത്ര ഉറപ്പാക്കുന്ന 'പ്രിയദർശിനി' പദ്ധതി ജൂൺ 15 മുതൽ ആരംഭിക്കും. ഇന്ന് ചേർന്ന നിർണ്ണായക മന്ത്രിസഭായോഗത്തിലാണ് ഇതുസംബന്ധിച്ച അന്തിമ തീരുമാനമുണ്ടായതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സർക്കാരിന്റെ ഇന്ദിരാ ഗാരണ്ടി പദ്ധതിയുടെ ഭാഗമായാണ് ഈ വലിയ പ്രഖ്യാപനം.

ആദ്യത്തെ 100 ദിവസങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ കെഎസ്ആർടിസിയുടെ ഓർഡിനറി ബസുകളിൽ മാത്രമായിരിക്കും ഈ സൗജന്യ സേവനം ലഭ്യമാകുക. ഇതിന്റെ പ്രവർത്തനവും ജനപങ്കാളിത്തവും കൃത്യമായി വിലയിരുത്തിയ ശേഷമായിരിക്കും ഫാസ്റ്റ് പാസഞ്ചർ ഉൾപ്പെടെയുള്ള മറ്റ് ഓർഡിനറി ഇതര സർവീസുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുക. യാത്രാക്കാരുടെ പ്രായമോ വരുമാനമോ പരിഗണിക്കാതെ, യാതൊരുവിധ നിബന്ധനകളും കൂടാതെയാണ് നിലവിൽ ഈ ആനുകൂല്യം അനുവദിച്ചിട്ടുള്ളത്.

സർക്കാരിനും കെഎസ്ആർടിസിക്കും ഉണ്ടാകുന്ന സാമ്പത്തിക ബാധ്യത:

പ്രിയദർശിനി പദ്ധതി നടപ്പിലാക്കുന്നതിലൂടെ സർക്കാരിന് പ്രതിമാസം 65 മുതൽ 70 കോടി രൂപ വരെ അധിക ബാധ്യതയുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഇത് വഴി കെഎസ്ആർടിസിയുടെ വാർഷിക വരുമാനത്തിൽ 800 കോടി രൂപയിലധികം കുറവുണ്ടാകും. എന്നാൽ ഈ തുക പൂർണ്ണമായും സർക്കാർ കെഎസ്ആർടിസിക്ക് സബ്‌സിഡിയായി മുൻകൂട്ടി കൈമാറും.

നിലവിൽ കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളത്തിനും പെൻഷൻ ആവശ്യങ്ങൾക്കുമായി പ്രതിമാസം 125 കോടി രൂപ വീതം (വർഷത്തിൽ 1500 കോടി രൂപ) സർക്കാർ നൽകുന്നുണ്ട്. ഇതിന് പുറമെയായിരിക്കും പ്രിയദർശിനി പദ്ധതിക്കായുള്ള തുക കൂടി കെഎസ്ആർടിസിക്ക് അനുവദിക്കുക. പദ്ധതി വിജയകരമായി മുന്നോട്ട് കൊണ്ടുപോകുന്നതിനൊപ്പം തന്നെ, വരുന്ന ആറുമാസത്തിനുള്ളിൽ സ്വന്തം നിലയിൽ വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള വിവിധ മാർഗ്ഗങ്ങൾ കണ്ടെത്താൻ കെഎസ്ആർടിസി മാനേജ്‌മെന്റിനോട് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. വരുമാന വർദ്ധനവ് സാധ്യമാകുന്നതോടെ പദ്ധതിയുടെ അടുത്ത ഘട്ടത്തിലേക്ക് വേഗത്തിൽ കടക്കാൻ കഴിയുമെന്നാണ് ഭരണകൂടത്തിന്റെ പ്രതീക്ഷ.

Metro Australia
maustralia.com.au