

പാലക്കാട്: ദേശീയ സരസ് മേളയ്ക്ക് മുന്നോടിയായി തൃത്താല മണ്ഡലത്തെ സൗന്ദര്യ വത്കരിക്കുന്നതിനായുള്ള ഹരിത ടൂറിസം പദ്ധതിയ്ക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം തദ്ദേശസ്വയംഭരണ-എക്സൈസ് പാർലമെൻ്ററി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് നിർവ്വഹിച്ചു. സുസ്ഥിര തൃത്താല പദ്ധതിയും ഉത്തരവാദിത്വ ടൂറിസം പദ്ധതിയുമായി സംയോജിപ്പിച്ചാണ് ഹരിത ടൂറിസം പ്രാവർത്തികമാക്കുന്നത്.
ഇതിൻ്റെ ഭാഗമായി മണ്ഡലത്തിലെ ജലാശയങ്ങൾ, പൊതുയിടങ്ങൾ, പാതയോരങ്ങൾ,പാട വരമ്പുകളിലെല്ലാം സൗന്ദര്യ വത്കരണം നടത്തും. പദ്ധതിയുടെ ഭാഗമായി വട്ടത്താണി പാടശേഖരത്തിനോട് ചേർന്ന വരമ്പിൽ 4,000 ചെണ്ടുമല്ലി തൈകളാണ് നടുന്നത്.പൊതുയിടങ്ങളിലെ മാലിന്യ നിക്ഷേപം ഇല്ലാതാക്കുന്നതിന് പൊതുജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കാനും പദ്ധതിയിലൂടെ കഴിയും. പ്രാദേശിക സംവിധാനങ്ങളെ സംയോജിപ്പിച്ച് ടൂറിസം വികസനം സാധ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
മണ്ഡലത്തിലെ സാംസ്കാരിക പൈതൃകം, കൃഷി, പ്രാദേശിക ഭക്ഷണ വിഭവങ്ങൾ, പാരിസ്ഥിതിക വൈവിധ്യങ്ങളെല്ലാം കോർത്തിണക്കുന്ന പ്രധാന പദ്ധിയാകാൻ ഹരിത ടൂറിസത്തിന് കഴിയും. കാർഷിക മേഖലയെ കൂടുതൽ ആകർഷണീയമാക്കുന്നതിന് ഹൈടെക് സംവിധാനങ്ങളും നടപ്പാക്കും.