
ഇന്ന് തിരുവോണം. ലോകം എത്ര മുന്നോട്ടു കുതിച്ചാലും രീതികളും സാഹചര്യങ്ങളും മാറിയാലും ലോകത്തിന്‍റെ ഏത് കോണിലാണെങ്കിലും മലയാളികൾ ഓണം ആഘോഷിക്കും. പൂക്കളമിട്ടും സദ്യ ഒരുക്കിയും ഓണക്കളികളും കൂടിച്ചേരലുകളുമായി ഓരോ ഓണക്കാലവും മലയാളികൾക്ക് ആഘോഷം തന്നെയാണ്. സദ്യയുടെ രുചിക്കും പുത്തനുടുപ്പിന്‍റെ സന്തോഷത്തിനും അപ്പുറം ഇന്നത് കൂടിച്ചേരലുകളുടെ സമയം കൂടിയാണ്. ജാതിമത വ്യത്യാസങ്ങളില്ലാതെ, ഒരേ മനസ്സോടെ മലയാളികൾ ഓണം കൊണ്ടാടുന്നു.
പഞ്ഞത്തിന്‍റെയും വറുതിയുടെയും നാടായ കർക്കിടകം കഴിഞ്ഞ് സമൃദ്ധിയുടെ ഓണം എത്തുന്നതിന്‍റെ നിറവാണ് ഓണത്തിനുള്ളത്. നാടൻ പൂക്കളാൽ തീർത്തുന്ന പൂക്കളം ഇന്നില്ലെങ്കിലും മാറ്റൊട്ടും കുറയാതെ മുറ്റത്ത് പൂക്കളമൊരുങ്ങുമെന്ന കാര്യത്തിൽ സംശയമില്ല.
ഒരുമയുടെ ആഘോഷമാണ് ഓണം. നാടൊന്നിക്കുന്ന ആഘോഷങ്ങള്‍ എല്ലായിടത്തുമുണ്ട്. മത്സരങ്ങളും പായസവും സദ്യയും ഒക്കെയായി നാട്ടുമ്പുറങ്ങളും നഗരങ്ങളും തിരക്കിലേക്ക് കടന്നു കഴിഞ്ഞു. നാട്ടിൽ മാത്രമല്ല, നാടു കടക്കുന്നതോടെ ചെന്നെത്തുന്നയിടങ്ങളിലും ഓണം ആഘോഷിക്കാൻ മലയാളികൾ മറക്കാറില്ല. എല്ലാവർക്കും മെട്രോ ഓസ്ട്രേലിയയുടെ ഓണാശംസകൾ.