ലൈഫ് ഭവന പദ്ധതിയിലൂടെ പൂർത്തിയായ വീടുകളുടെ എണ്ണം ഫെബ്രുവരിയിൽ 5 ലക്ഷം കടക്കും: മുഖ്യമന്ത്രി

4,76,076 വീടുകൾ ലൈഫ് വഴി പണി പൂർത്തിയാക്കി കൈമാറി. 1,24,471 വീടുകളാണ് നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ളത്.
LIFE Housing Scheme
ലൈഫ് ഭവന പദ്ധതിPRD
Published on

ലൈഫ് ഭവന പദ്ധതിയിലൂടെ പണികഴിഞ്ഞ 5 ലക്ഷം വീടുകൾ എന്ന നേട്ടം അടുത്തമാസം തന്നെ പൂർത്തിയാകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 4,76,076 വീടുകൾ ലൈഫ് വഴി പണി പൂർത്തിയാക്കി കൈമാറി. അത്രയും കുടുംബങ്ങളാണ് അടച്ചുറപ്പുള്ള വീടുകളിലേക്ക് താമസം മാറിയത്. ഈ ഫെബ്രുവരിയിൽ ഇത് അഞ്ചുലക്ഷം പൂർത്തിയാക്കും. 1,24,471 വീടുകളാണ് നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ളത്.

ജനങ്ങൾക്ക് അടിസ്ഥാന അവകാശങ്ങൾ ഉറപ്പ് വരുത്തലാണോ അതല്ല, എല്ലാ ക്ഷേമപ്രവർത്തനങ്ങളിൽ നിന്നും പിൻവാങ്ങി സ്വകാര്യ മൂലധനത്തിന് വഴിമാറലാണോ ഒരു സർക്കാരിന്റെ കടമ എന്നത് ലോകത്താകെ പ്രസക്തമായ മൗലികമായ ഒരു രാഷ്ട്രീയ ചോദ്യമാണ്. ആ ചോദ്യത്തെ സംസ്ഥാന സർക്കാർ അഭിസംബോധന ചെയ്തത് ലൈഫ് മിഷൻ പോലുള്ള സമഗ്രമായ ജനകീയ പദ്ധതികൾ വഴിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

2026ൽ ലോകത്തെ ഏറ്റവും വലിയ വെല്ലുവിളി ഭവനമില്ലായ്മയെ മറികടക്കലാണ് എന്ന് വിലയിരുത്തപ്പെടുന്നു. ലോകത്തിൽ അഞ്ചിൽ ഒരാൾ പാർപ്പിടമില്ലാതെ കഷ്ടപ്പെടുകയാണ്. ലോകത്ത് മതിയായ പാർപ്പിട സൗകര്യങ്ങൾ ഇല്ലാത്തവർ ഏകദേശം 160 കോടിയോളം വരുമെന്നാണ് കണക്ക്.

ഒരു തുണ്ട് ഭൂമി ഇല്ലാത്തവരെ മുതൽ സ്വന്തം ഭൂമിയിൽ തുടങ്ങി വെച്ച വീടുപണി പൂർത്തിയാക്കാൻ കഴിയാത്തവരെ വരെ ഉൾപ്പെടുത്തി ഭവനരാഹിത്യം എന്ന പ്രശ്‌നത്തെ അതിൻറെ സമഗ്രതയിൽ അഭിസംബോധന ചെയ്യുകയാണ് ലൈഫ് പദ്ധതിയിലൂടെ സംസ്ഥാനം ചെയ്തത്.

രാജ്യത്തെ പല ഭവനപദ്ധതികളും നാമമാത്രമായ തുക മാത്രമാണ് ഗുണഭോക്താക്കൾക്ക് കൈമാറിയിരുന്നത്. ലൈഫ് മിഷന് കീഴിൽ വീട് നിർമ്മിക്കാൻ പര്യാപ്തമായ തുക യാഥാർഥ്യബോധത്തോടെ കണക്കാക്കി അത് കൈമാറുകയാണ് ചെയ്തത്. ഭവന നിർമ്മാണത്തിന് നാല് ലക്ഷം രൂപ നൽകുന്നുവെന്ന് മാത്രമല്ല, നിർമ്മാണസാമഗ്രികൾ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കിയും തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെടുത്തി തൊഴിലാളികളെ ലഭ്യമാക്കിയുമെല്ലാം ഭവനനിർമ്മാണത്തെ പിന്നെയും സഹായിക്കുന്നു.

പാർശ്വവത്കരിക്കപ്പെട്ടതും ആലംബഹീനരുമായവരെ കണ്ടെത്തി അവർക്കാണ് ആദ്യം വീടുകൾ നിർമിച്ചുനൽകിയത്. മാനസിക വെല്ലുവിളി നേരിടുന്നവർ, ശാരീരിക അസ്വാസ്ഥ്യങ്ങൾ ഉള്ളവർ, അഗതികൾ, ട്രാൻസ്‌ജെൻഡേഴ്‌സ്, ഭിന്നശേഷിക്കാർ, കിടപ്പുരോഗികൾ, അവിവാഹിതരായ അമ്മമാർ, അപകടത്തിൽപ്പെട്ട് ജോലിചെയ്ത് വരുമാനം കണ്ടെത്താൻ കഴിയാത്തവർ, വിധവകൾ ഇവർക്കൊക്കെയായിരുന്നു മുൻഗണനയെന്നു മുഖ്യമന്ത്രി പറഞ്ഞു.

Related Stories

No stories found.
Metro Australia
maustralia.com.au