
കോഴിക്കോട്: ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ടുപേർ മരിച്ചു. ഫ്രാൻസിസ് റോഡിൽ വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെ ഉണ്ടായ അപകടത്തിൽ കല്ലായി കട്ടയാട്ട് പറമ്പ് പള്ളിക്ക് സമീപം ഫാത്തിമ കോട്ടേജിൽ ആർ.എം. അഫ്ന (20), കാളൂർ റോഡ് സ്വദേശി പറമണ്ണിൽ മഹൽ (23) എന്നിവരാണ് മരിച്ചത്.
ബീച്ച് ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്ക് അതേ ദിശയിൽ പോകുകയായിരുന്ന സ്കൂട്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു. അഫ്ന സംഭവസ്ഥലത്തുതന്നെ മരിച്ചു. മഹൽ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരിക്കെ വെള്ളിയാഴ്ച പകലാണ് മരിച്ചത്. ചെമ്മങ്ങാട് പോലീസ് കേസെടുത്തു. അപകടത്തിൽ പരിക്കേറ്റ മറ്റൊരാൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മാങ്കാവിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ് മരിച്ച രണ്ടുപേരും.
ചക്കുംകടവ് സ്വദേശി ഹംസക്കോയയുടെയും തണ്ണിച്ചാൽ റഷീദയുടെയും മകളാണ് അഫ്ന. സഹോദരി: താരിഷ. പരേതനായ പറമണ്ണിൽ ദിനേഷിന്റെയും തട്ടാംകണ്ടി രേഷ്മയുടെയും മകനാണ് മഹൽ. സഹോദരൻ: അദ്വൈത്. സഞ്ചയനം ഞായറാഴ്ച.