വോട്ട് ബഹിഷ്കരിക്കും; പ്രതിഷേധവുമായി ലുലു മാള്‍ പരിസരവാസികള്‍

മണൽത്താഴം റെസിഡൻസ് അസോസിയേഷന്‍റെ നേതൃത്വത്തിലാണ് 'ഞങ്ങള്‍ എന്തിന് വോട്ട് ചെയ്യണം' എന്ന് ചോദിച്ചുകൊണ്ട് ബോർഡ് വെച്ചിരിക്കുന്നത്.
വോട്ട് ബഹിഷ്കരിക്കും; പ്രതിഷേധവുമായി ലുലു മാള്‍ പരിസരവാസികള്‍
കനത്ത വെള്ളക്കെട്ടും വീടിനേറ്റ ബലക്ഷയവും പരിഹരിക്കാൻ ആരും ഇടപെടുന്നില്ലെന്നാണ് പ്രധാന പരാതി.
Published on

കോഴിക്കോട്: മാങ്കാവ് മണൽത്താഴത്ത് വോട്ട് ബഹിഷ്കരിക്കാൻ പത്തോളം കുടുംബങ്ങൾ. വീടിനോട് ചേർന്ന് ലുലു മാൾ ഉയർന്നതോടെ നേരിടേണ്ടി വന്ന ദുരിതമാണ് നാട്ടുകാരെക്കൊണ്ട് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിച്ചത്. മണൽത്താഴം റെസിഡൻസ് അസോസിയേഷന്‍റെ നേതൃത്വത്തിലാണ് 'ഞങ്ങള്‍ എന്തിന് വോട്ട് ചെയ്യണം' എന്ന് ചോദിച്ചുകൊണ്ട് ബോർഡ് വെച്ചിരിക്കുന്നത്. കനത്ത വെള്ളക്കെട്ടും വീടിനേറ്റ ബലക്ഷയവും പരിഹരിക്കാൻ ആരും ഇടപെടുന്നില്ലെന്നാണ് പ്രധാന പരാതി. 'ലുലു മാളിന്‍റെ നിർമ്മാണവുമായി ബന്ധപ്പെട്ട് സമീപവാസികള്‍ നേരിടുന്ന പ്രയാസങ്ങള്‍ പരിഹരിക്കുന്നതിന് രാഷ്ട്രീയ പാർട്ടികളുടെ ഇടപെടല്‍ ആവശ്യമാണ്' എന്നും പ്രദേശ വാസികള്‍ പറയുന്നു. മഴ പെയ്താല്‍ വെള്ളക്കെട്ടാണ്. വെള്ളം നിറഞ്ഞ് വീടൊക്കെ പൊട്ടിക്കീറി. പുറക് വശത്ത് കാടും പൊന്തയും പിടിച്ചു. അവിടെ പെരുമ്പാമ്പ് അടക്കമുള്ള വന്യജീവികളുടെ താവളമാകുന്നു. രാത്രി ഇവ ഇഴഞ്ഞ് വീട്ടിലേക്ക് എത്തുന്നത് സ്ഥിരമാകുന്നുവെന്നും പ്രദേശവാസികള്‍ പറയുന്നു.

"യൂസഫലി സാർ ഇതിന്റെ ഒരു വിവരവും അറിയില്ല. നേരത്തെ സാർ ഇവിടെ വന്നപ്പോള്‍ ഞങ്ങളുടെ പ്രശ്നം ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. പ്രശ്നങ്ങളൊക്കെ പരിഹരിക്കുമെന്ന് അദ്ദേഹം പറയുകയും ചെയ്തു. അതിന് ശേഷമാണ് ഇവിടെ അവർ ചില വികസന പ്രവർത്തനങ്ങള്‍ നടത്തിയത്. വീടിനേക്കാള്‍ ഉയരത്തില്‍ മതില്‍ കെട്ടിയതൊക്കെ വലിയ ബുദ്ധിമുണ്ട് സൃഷ്ടിക്കുകയാണ്. ഇക്കാര്യം ഞങ്ങൾ ശ്രദ്ധയപ്പെടുത്തിയപ്പോള്‍ മാനേജ്മെന്റ് പറഞ്ഞത് 'നിങ്ങളുടെ പ്രശ്നം ഞങ്ങൾ അടിയന്തരമായി പരിഹരിക്കും, അതുകൊണ്ട് നിങ്ങൾ ഈ പ്രോജക്റ്റുമായി സഹകരിക്കണം' എന്നായിരുന്നു", നാട്ടുകാർ പറയുന്നു. മാനേജ്മെന്‍റ് തന്ന ഉറപ്പിനെ തുടർന്നാണ് ഒരുപാട് ദുരിതങ്ങൾ ഉണ്ടായിട്ടും ഞങ്ങൾ പദ്ധതിയുമായി സഹകരിച്ചു പോയത്. യൂസഫലി സർ അറിഞ്ഞാലെ ഈ പ്രശ്നം പരിഹരിക്കപ്പെടുകയുള്ളു. കൃത്യമായ വില കിട്ടിയാല്‍ എല്ലാവരും മാറാന്‍ തയ്യാറാണ്. പാവപ്പെട്ട ആളുകളെ സഹായിക്കാൻ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ഉത്തരവാദിത്വം ഉണ്ട്. അതിന്റെ ആവശ്യമായ ഇടപെടൽ നടത്തണം. ആരും ശ്രദ്ധിക്കാന്‍ തയ്യാറായില്ലെങ്കില്‍ വോട്ട് ചെയ്യണോ വേണ്ടയോ എന്ന് ഞങ്ങള്‍ തീരുമാനിക്കുമെന്നും നാട്ടുകാർ കൂട്ടിച്ചേർത്തു.

Related Stories

No stories found.
Metro Australia
maustralia.com.au