
കോഴിക്കോട്: പേരാമ്പ്രയിൽ ഷാഫി പറമ്പിൽ എംപിക്ക് മർദനമേറ്റതിൽ ലോക്സഭാ സ്പീക്കർക്ക് കൊടിക്കുന്നിൽ സുരേഷ് എംപി പരാതി നൽകി. പൊലീസ് അക്രമത്തിൽ അടിയന്തര നടപടി വേണമെന്നാണ് ആവശ്യം. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും കൊടിക്കുന്നിൽ സുരേഷ് ആവശ്യപ്പെട്ടു. പൊലീസ് മർദ്ദന പരാതി പ്രിവിലേജ് കമ്മിറ്റിക്ക് വിടണമെന്നും പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യം ഉന്നയിച്ചു.
പേരാമ്പ്രയില്‍ ഷാഫി പറമ്പില്‍ എംപിയ്ക്ക് പൊലീസിന്റെ അടിയേല്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ലാത്തി കൊണ്ട് ഷാഫി പറമ്പിലിന്റെ തലയ്ക്ക് പൊലീസ് അടിക്കുന്നതാണ് ദൃശ്യങ്ങളില്‍ വ്യക്തമായി കാണാനാവുന്നത്. ഷാഫിയെ തങ്ങള്‍ അടിച്ചിട്ടില്ലെന്ന് പൊലീസ് ആവര്‍ത്തിക്കുമ്പോഴാണ് ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. ഇത് പൊലീസിന് തിരിച്ചടിയാണ്. ലാത്തിച്ചാര്‍ജ് നടന്നിട്ടില്ലെന്ന് റൂറല്‍ എസ് പി കെ ഇ ബൈജു മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ലാത്തിച്ചാര്‍ജ് നടന്നതായി ഒരു വിഷ്വല്‍ എങ്കിലും കാണിക്കാന്‍ ആര്‍ക്കും കഴിയില്ല. ഒന്നര മണിക്കൂറോളം റോഡ് ബ്ലോക്കായതോടെ ടിയര്‍ ഗ്യാസ് പ്രയോഗിക്കുക മാത്രമാണ് പൊലീസ് ചെയ്തതെന്നും കെ ഇ ബൈജു പറഞ്ഞു. അതേസമയം ഇന്നലെയാണ് കോഴിക്കോട് പേരാമ്പ്രയിലുണ്ടായ സംഘർഷത്തിൽ ഷാഫി പറമ്പിലിന് പരിക്കേറ്റത്. മൂക്കിന് പരിക്കേറ്റ അദ്ദേഹത്തിന് ശസ്ത്രക്രിയ നടത്തിയിരുന്നു. സംഘർഷത്തിൽ ഷാഫി അടക്കം എട്ട് യുഡിഎഫ് നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. പ്രതിഷേധത്തിലുണ്ടായിരുന്ന കണ്ടാലറിയാവുന്ന 692 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഗതാഗത തടസം സൃഷ്ടിച്ചു, മാരകായുധങ്ങൾ ഉപയോഗിച്ച് പൊലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നാണ് എഫ്ഐആർ.