
കൊല്ലത്ത് യൂണിവേഴ്സിറ്റി അംഗീകൃത കോളജ് ബാങ്ക് ജപ്തി ചെയ്തതോടെ വിദ്യാർത്ഥികളുടെ പഠനം മുടങ്ങിയാതായി പരാതി. കടക്കൽ കോട്ടപ്പുറം പൂക്കോയ തങ്ങൾ മെമ്മോറിയൽ ആർട്സ് ആന്റ് സയൻസ് കോളേജാണ് സാമ്പത്തിക ബാധ്യതയെ തുടർന്ന് ബാങ്ക് ജപ്തി ചെയ്തത്. മറ്റൊരു കോളജിൽ പഠനത്തിന് സംവിധാനം ഒരുക്കിയിരുന്നെങ്കിലും വാടക നൽകാത്തതിനാൽ അവിടെയും വിദ്യാർത്ഥികളെ കയറ്റാത്ത സ്ഥിതിയാണ്. ഇതോടെ പരീക്ഷ എഴുതാൻ പോലും കഴിയാതെ നിരവധി വിദ്യാർത്ഥികളാണ് പെരുവഴിയിലായിരിക്കുന്നത്.
രണ്ടു പതിറ്റാണ്ടിലേറെയായി കേരള സർവകലാശാലയുടെ അംഗീകാരത്തോടെ പ്രവർത്തിച്ചിരുന്ന കോളേജ് ജൂൺ 26 ന് പാതിവഴിയിൽ അധ്യയനം അവസാനിപ്പിച്ചത്. സാമ്പത്തിക ബാധ്യതയെ തുടർന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കോളേജ് ജപ്തി ചെയ്തതോടെ അഞ്ചു കോഴ്സുകളിലായി പഠിച്ചിരുന്ന വിദ്യാർത്ഥികളുടെ ഭാവിയാണ് പ്രതിസന്ധിയിലായത്. സമീപത്തുള്ള മറ്റൊരു കോളജിൽ പഠനസൗകര്യം ഒരുക്കിയെങ്കിലും കഴിഞ്ഞ ദിവസത്തോടെ അതും അവസാനിച്ചു. മാനേജ്മെന്റ് ഇടപെട്ട് പരിഹാരം കാണുന്നില്ലെന്നാണ് കുട്ടികളുടെ പരാതി. യൂണിവേഴ്സിറ്റി അധികൃതർക്കും കടക്കൽ പൊലീസിലുമടക്കം പരാതി നൽകിയിരിക്കുകയാണ് വിദ്യാർത്ഥികൾ.