
തിരുവനന്തപുരം: ക്ലാസുകൾ നഷ്ടമാകുമോയെന്നോ, പലവിധ കാരണങ്ങളാൽ ക്ലാസിൽ കയറുവാൻ കഴിഞ്ഞില്ലെങ്കിലോ പേടിക്കേണ്ട, ഓഫ്‌ലൈന്‍ ക്ലാസുകളും ഓണ്‍ലൈനായി കിട്ടുന്ന കെ- ലേൺ പഠന പോർട്ടൽ വരുന്നു. കോളേജ് വിദ്യാർത്ഥികൾക്കായുള്ള ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ കെ- ലേൺ പഠന പോർട്ടൽ ഡിസംബറിൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.
ക്ലാസിൽ കയറുവാൻ പറ്റാത്തവർക്കു മാത്രമല്ല, മനസ്സിലാകാത്ത ഭാഗങ്ങൾ വീണ്ടും നോക്കണമെന്ന് താല്പര്യമുള്ളവർക്കും ഉപകാരപ്രദമാകുന്ന പോർട്ടലാണിത്, അൻപതോളം കോഴ്സുകൾ പോർട്ടലിൽ ഉണ്ടായിരിക്കും. നാലുവര്‍ഷ ബിരുദത്തിലുള്ള പ്രധാന മേജര്‍, മൈനര്‍ കോഴ്സുകളുടെ ഓണ്‍ലൈന്‍ ഉള്ളടക്കം ക്ലാസുകളായിത്തന്നെ പോര്‍ട്ടലില്‍ ലഭ്യമാക്കും. ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിനു കീഴില്‍ (സെന്റര്‍ ഓഫ് എക്സലന്‍സ് ഫോര്‍ ടീച്ചിങ്, ലേണിങ് ആന്‍ഡ് ട്രെയിനിങ്) കോഴ്സുകള്‍ തയ്യാറാക്കും. സംസ്ഥാനത്തെ സര്‍വകലാശാലകള്‍ക്കും സ്വന്തമായി കോഴ്സുകള്‍ വികസിപ്പിച്ച് കെ-ലേണ്‍ വഴി ലഭ്യമാക്കാം. പഠനം കെ-ലേണ്‍ വഴിയാണെങ്കിലും പരീക്ഷകള്‍ അതതു സര്‍വകലാശാലകളാണ് നടത്തുക,
നാലുവര്‍ഷ ബിരുദത്തിന്റെ ഭാഗമായി ഓണ്‍ലൈന്‍ കോഴ്സുകള്‍, കോളേജിലെ പ്രധാനപ്പെട്ട ക്ലാസുകളുടെ ഓണ്‍ലൈന്‍ ഉള്ളടക്കം, നൈപുണി കോഴ്സുകള്‍ എന്നിങ്ങനെ മൂന്ന് കോഴ്സുകളുടെ പഠന രീതിയാണ് ഇതിൽ ഒരുക്കിയിരിക്കുന്നത്.