
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേളയിൽ മികച്ച ജനറൽ സ്കൂളിന് നല്കുന്ന പുരസ്കാരത്തുക വർധിപ്പിച്ചു. മികച്ച സ്‌കൂളിനുളള ഓവറോൾ ചാമ്പ്യൻഷിപ്പ് ട്രോഫി നൽകുന്നതിന് ജനറൽ സ്‌കൂളും, സ്‌പോർട്‌സ് സ്‌കൂളും രണ്ടു കാറ്റഗറിയായി പരിഗണിച്ച് ഓരോ കാറ്റഗറിയിൽ നിന്നും മികച്ച സ്‌കൂൾ തിരഞ്ഞെടുക്കും. ഏറ്റവും കൂടുതൽ പോയിന്റ് നേടിയ ജില്ല നിർണ്ണയിക്കുന്നതിന് ജനറൽ സ്‌കൂൾ, സ്‌പോർട്‌സ് സ്‌കൂൾ എന്നിങ്ങനെ വ്യത്യാസം ഇല്ലാതെ രണ്ടു കാറ്റഗറിയിലെ സ്‌കൂളുകളും നേടുന്ന ആകെ പോയിന്റുകൾ ഒരുമിച്ചു കണക്കാക്കും.
നിലവിൽ അത്‌ലാറ്റിക്‌സിൽ മികച്ച ജനറൽ സ്‌കൂളിന് നൽകിവരുന്ന പ്രൈസ് മണി ഒന്നാം സ്ഥാനത്തിന് രണ്ടു ലക്ഷത്തി ഇരുപതിനായിരം, രണ്ടാം സ്ഥാനത്തിന് ഒരു ലക്ഷത്തി അറുപത്തയ്യായിരം, മൂന്നാം സ്ഥാനത്തിന് ഒരു ലക്ഷത്തി പതിനായിരം എന്നത് രണ്ടു ലക്ഷത്തി അൻപതിനായിരം, ഒരു ലക്ഷത്തി എഴുപത്തയ്യായിരം, ഒരു ലക്ഷത്തി ഇരുപത്തയ്യായിരം എന്ന നിരക്കിൽ വർദ്ധിപ്പിച്ചു. അത്‌ലറ്റിക്‌സ് വിഭാഗത്തിൽ സ്‌പോർട്‌സ് സ്‌കൂളുകളിൽ ഒന്നാം സ്ഥാനം നേടുന്ന സ്‌കൂളിന് ഒരു ലക്ഷം, രണ്ടാം സ്ഥാനത്തിന് എഴുപത്തയ്യായിരം, മൂന്നാം സ്ഥാനത്തിന് അൻപതിനായിരം എന്ന നിരക്കിൽ പ്രൈസ് മണി നൽകുമെന്ന് മന്ത്രി അറിയിച്ചു.
തിരുവനന്തപുരത്ത് പന്ത്രണ്ട് സ്റ്റേഡിയങ്ങളിലായി നാൽപ്പത്തിയൊന്ന് ഇന മത്സരങ്ങൾ കായികമേളയിൽ അരങ്ങേറും. പൊതുവിദ്യാഭ്യാസ ഡയറക്ടർ നേരിട്ട് വേദികൾ സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തും. കായികമേളയ്ക്ക് പങ്കെടുക്കാനെത്തുന്നവർക്കുള്ള താമസസൗകര്യം എഴുപത്തിയാറ് സ്‌കൂളുകളിലായി ഒരുക്കിയിട്ടുണ്ട്. വൈദ്യുതി, വെള്ളം, ടോയ്‌ലറ്റ്, ബെഡ്, നൈറ്റ് വാച്ച്മാൻ, പ്രാദേശികതല കമ്മിറ്റി, പോലീസ് സംരക്ഷണത്തിനുളള ഏർപ്പാടുകൾ എന്നിവ മുൻനിർത്തി പ്രധാനാദ്ധ്യാപകരുടെ യോഗം ചേർന്നതായി മന്ത്രി അറിയിച്ചു.