
എറണാകുളം: രണ്ടു വർഷത്തിനുള്ളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഓൺലൈൻ സേവനങ്ങൾ എല്ലാ ജന വിഭാഗങ്ങൾക്കും ലഭ്യമാക്കുക എന്നതാണ് സർക്കാർ ലക്ഷ്യമെന്നു തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. നവീകരിച്ച കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് ഓഫീസ് ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
നിലവിൽ കെ- സ്മാർട്ട് സേവനങ്ങൾ നിമിഷങ്ങൾക്കുള്ളിൽ ലഭിക്കുന്നുണ്ട്. കയ്യിൽ സ്മാർട്ട് ഫോൺ ഉണ്ടെങ്കിൽ തദ്ദേശസ്ഥാപനത്തിൽ നിന്ന് കിട്ടേണ്ട സേവനങ്ങൾ ലോകത്തെവിടെ നിന്നും നേടാനാകും. എന്നാൽ ഇത് എല്ലാ ജന വിഭാഗങ്ങളിലേക്കും എത്തിക്കുന്നതിന് രണ്ടു വർഷം കൂടി വേണ്ടിവരാം. അതിനായി ഡിജിറ്റൽ സാക്ഷരതാ യജ്ഞം വിജയകരമായി നടപ്പാക്കുന്നുണ്ട്. 21,57,000 പേർ ഡിജിറ്റൽ സാക്ഷരത കൈവരിച്ചു കഴിഞ്ഞു.
മുപ്പത് സെക്കന്റിനുള്ളിൽ ഇപ്പോൾ കെട്ടിട പെർമിറ്റ് ലഭിക്കും. 66862 കെട്ടിടങ്ങൾ ക്കാണ് ഇത്തരത്തിൽ പെർമിറ്റ് ലഭിച്ചത്. പ്ലാൻ ചട്ട പ്രകാരമാണെങ്കിൽ അര മിനിറ്റോ അല്ലെങ്കിൽ പരമാവധി ഒരു മിനിറ്റോ മതി പെർമിറ്റ് വാട്സാപ്പിൽ ലഭിക്കും. വിവാഹ രജിസ്ട്രേഷനും തദ്ദേശസ്ഥാപനങ്ങളിൽ പോകാതെ വളരെ എളുപ്പത്തിൽ ലഭിക്കും. ദമ്പതികൾ ഒരേ സ്ഥലത്ത് വേണമെന്നില്ല. 57,519 വിവാഹങ്ങളാണ് ഈ രീതിയിൽ രജിസ്റ്റർ ചെയ്തത്.
കെ. സ്മാർട്ട് വന്നതോടെ ജീവനക്കാരും കൂടുതൽ സ്മാർട്ടായി. രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെ എന്ന ഓഫീസ് സമയം പൊളിച്ചെഴുതാൻ കഴിഞ്ഞു. രാത്രി വൈകിയും അവധി ദിവസങ്ങളിലും വരെ ഫയൽ നോക്കുന്ന അനവധി ഉദ്യോഗസ്ഥരുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.