

തിരുവനന്തപുരം: സംസ്ഥാനത്തുടനീളം കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇന്ന് 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 2 ജില്ലകളിലെ 4 താലൂക്കുകൾക്കും അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, കണ്ണൂർ, കാസർകോട്, കോഴിക്കോട്, വയനാട്, ഇടുക്കി, കോട്ടയം, തൃശൂർ, മലപ്പുറം, പാലക്കാട് എന്നീ ജില്ലകളിലാണ് മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി. ഇതിനുപുറമെ ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ, കുട്ടനാട് താലൂക്കുകളിലും എറണാകുളം ജില്ലയിലെ കോതമംഗലം, മൂവാറ്റുപുഴ താലൂക്കുകളിലും ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ആലപ്പുഴയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും നാളെ അവധിയായിരിക്കും. എന്നാൽ മുൻപ് നിശ്ചയിച്ചിട്ടുള്ള സർവ്വകലാശാലാ പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ല.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ 10 ജില്ലകളിൽ നാളെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് (Yellow Alert) പ്രഖ്യാപിച്ചു. സംസ്ഥാനത്തൊട്ടാകെ 209 ദുരിതാശ്വാസ ക്യാമ്പുകളിലായി 5792 പേരെ നിലവിൽ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. മഴക്കെടുതിയിൽ 27 വീടുകൾ പൂർണ്ണമായും 196 വീടുകൾ ഭാഗികമായും തകർന്നു. ദുരിതബാധിതർക്ക് ആവശ്യമായ എല്ലാ സാമ്പത്തിക സഹായങ്ങളും സർക്കാർ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മലയോര മേഖലകളിൽ താമസിക്കുന്നവർ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതകൾ മുൻനിർത്തി ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.